പുന്നാരമക്കളും പ്രീയതമയും സമിക്ക് ഇനി നൊമ്പരത്തിന്റ ഓര്‍മ്മകള്‍

ജിസാന്‍ : ജീവന്റെ ജീവനായി എന്നുമെപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരെല്ലാം തന്നെ ഒരു നിമിഷം കൊണ്ട് നിശ്ചലരായി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേയ്ക്കു യാത്രയായി. ആറ് മക്കളെയും പ്രിയതമയേയും ഒറ്റയടിയ്ക്കു നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും സമി അല്‍ ന അമി എന്ന മനുഷ്യനു യാഥാര്‍ഥ്യത്തിന്റെ ലോകത്തേയ്ക്കു വരാന്‍ കഴിഞ്ഞിട്ടില്ല . കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഏകനായിപ്പോയ ഒരു സാധാരണക്കാരന്‍.ചൊവ്വാഴ്ച ഉച്ചയ്ക്ക് സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ഹറൂബ് – അല്‍ക്കദമി റോഡില്‍ ഉണ്ടായ അപകടമാണ് സമിയെ സങ്കടക്കടലസിലാഴ്ത്തിയത്.

അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏഴു പേരുടെ കുടുംബനാഥനാണ് സമി അല്‍ ന അമി. ഭാര്യയും ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമായ ആറ് മക്കളും ഇനി സമിക്ക് കരളില്‍ കുത്തുന്ന കദനം മാത്രം. എന്തുകൊണ്ട് താനും അവരോടൊപ്പം പോയില്ലെന്ന് അന്തരീക്ഷത്തിലേയ്ക്കു നോക്കിചോദിച്ച് വിലപിക്കുകയാണ് ഈ ഹതഭാഗ്യവാന്‍. റോഡിലെ ടാര്‍ പാളികളില്‍ നിന്നു കുണ്ടുകുഴികളില്‍ നിന്നും വാഹനത്തെ വെട്ടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പര്‍ വാഹനം നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്കു തെന്നി മാറുകയും മറുദിശയില്‍ വരികയായിരുന്ന സമിയുടെ ഇന്നോവ കാറില്‍ ഇടിക്കുകയുമായിരുന്നുവെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ഹറൂബില്‍ വിനോദത്തിന് പോവുകയായിരുന്നു സമിയും കുടുംബവും. തന്റെ കുടുംബാംഗങ്ങളെന്നു പറയാന്‍ ഇനി സമിയ്ക്കു രണ്ടേ രണ്ടു പേര്‍ മാത്രം – മറ്റൊരു വീട്ടിലായിരുന്നതിനാല്‍ ഒരു മകന്‍ സംഘത്തില്‍ ചേര്‍ന്നിരുന്നില്ല, അതുപോലെ രണ്ടാനമ്മയും. രക്ഷപ്പെട്ട മകനാകട്ടെ തന്റെ ആറ് സഹോദരങ്ങളും ഉമ്മയും മരണപ്പെട്ട വിവരമറിഞ്ഞതോടെ സംസാരശേഷി പോലുമില്ലാത്ത പരുവത്തിലുമായി.മരണം തന്റെ കുടുംബത്തെ ഒറ്റയടിയ്ക്കു കൊണ്ടുപോയപ്പോള്‍ സമിയില്‍ സങ്കടത്തിന്റെ സുനാമി പെരുമ്പറകൊട്ടി ഉണരുന്നു. ഉറ്റവരെ ഒര്‍ത്ത് കരയുവാന്‍ ഇനി കണ്ണുകളില്‍കണ്ണുനീര്‍ബാക്കിയില്ല.വിവരമറിഞ്ഞെത്തിയവര്‍ക്കാകട്ടെ, സമിയെആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ല.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചായിരുന്നു. ജനവികാരം ഉള്‍കൊണ്ട് അധികൃതരുടെ ഭാഗത്തു നിന്നു നടപടികളും ആരംഭിച്ചു.
ഉടന്‍ ജിസാന്‍ മേഖലയിലെ ഗതാഗത വിഭാഗം തലവനെതിരെയും,റോഡില്‍ സമയാസമയങ്ങളില്‍ വേണ്ടുന്ന അറ്റകുറ്റപ്പണികളില്‍ വീഴ്ച വരുത്തിയ കരാര്‍ കമ്പനി, ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കെതിരെയും സൗദി ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീല്‍ ആമൂദി നടപടി സ്വീകരിക്കുകയും ചെയ്തു

Top