ഇറാനെതിരേ ഉപരോധം: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സൗദി അംഗീകരിച്ചു

ജിദ്ദ: ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി കഴിഞ്ഞ മെയ്മാസ്ം പിന്‍മാറിയ അമേരിക്ക, ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്പോളത്തിലെ എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സൗദി അറേബ്യന്‍ ഭരണകൂടം അംഗീകരിച്ചു.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന എണ്ണ കേന്ദ്രങ്ങളിലെ ഉല്‍പ്പാദനം പുനരാരംഭിക്കുകയും അതുവഴി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചത്. ഇറാന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കമ്പോളത്തിലെ എണ്ണ വില നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് സൗദി അറേബ്യയോട് ആവശ്യപ്പെട്ടത്.

Loading...

ഇത് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ദിവസം 20 ലക്ഷം ബാരല്‍ എണ്ണ കൂടുതലായി ഉല്‍പ്പാദിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ എണ്ണ അന്താരാഷ്ട്ര കമ്പോളത്തിലെത്തുന്നത് നിലയ്ക്കുന്നതോടെ പകരം സംവിധാനമെന്ന നിലയ്ക്കാണ് സൗദിയോട് എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ അമേരിക്ക അഭ്യര്‍ഥിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ (ഒപെക്) യോഗത്തില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് ട്രംപ് പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.