സൗദിയില്‍ മലയാളിയുടെ കൊലപാതകം; പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു

ദമാം: അഞ്ചു വര്‍ഷം മുമ്ബ് കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ മുന്‍സിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിന്റെ ഘാതകരുടെ വധശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു. ജുബൈല്‍ ക്രിമിനല്‍ കോടതി നേരത്തെ വിധിച്ച വധ ശിക്ഷ ദമാം അപ്പീല്‍ കോടതിയാണ് ശരി വെച്ചത്. അപ്പീല്‍ കോടതിയും വധ ശിക്ഷ ശരി വെച്ചതോടെ പ്രതികള്‍ക്ക് ദയാഹരജി നല്‍കാനുള്ള അവസരം മാത്രമാണ് ഇനി മുന്നിലുള്ളത്.

അഞ്ചു വര്‍ഷം മുമ്ബ് ഒരു ചെറിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. സമീറിന്റെ മൃതദേഹം വര്‍ക്ക്ഷോപ്പ് മേഖലയില്‍ പുതപ്പില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു ദിവസം മുമ്ബ് കാണാതായ സമീറിനെ കുറിച്ച്‌ പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹവാല ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Loading...

ജുബൈല്‍ പോലീസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംദി, എന്നിവര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറില്‍നിന്ന് പണം കവരുന്നതിനായി സഊദി യുവാക്കള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം ബന്ദിയാക്കി മര്‍ദിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്.

അല്‍ കോബാറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീന്‍), കോഴിക്കോട് കുറ്റിയാടി സ്വദേശി അബ്ദുല്‍ ഹമീദ് എന്നിവരും സഊദി പൗരന്മാരായ ഹുസൈന്‍, അസ് വദ്,ഇദ്രീസ് എന്ന അബുറവാന്‍, അലി എന്നിവരുമാണ് പ്രതികള്‍. സഊദി കവര്‍ച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് മലയാളികളായ പ്രതികളായിരുന്നു.

അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചതോടെ സമീറിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. സമീറിന്‍്റെ രണ്ട് കുട്ടികളും ചെറിയ പ്രായത്തിലുള്ളവരാണ്. പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.. പ്രതികളില്‍ പെട്ട നിസാമിന്‍്റെ കുടുംബം രാജാവിനടക്കം ദയാഹരജി നല്‍കാനുള്ള ഒരുക്കത്തിലാണുള്ളത്. എന്നാല്‍ ഇരയുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാകൂ.