ഗള്‍ഫില്‍ പുതിയ സഖ്യം!! ജിസിസി ഇല്ലാതാകുമോ?

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യത്തോടെ നീങ്ങുന്നത് ജിസിസി എന്ന സമിതിയുടെ കീഴിലാണ്. ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചതോടെ ജിസിസിയുടെ ശക്തി ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ ജിസിസി വാര്‍ഷിക ഉച്ചകോടി കുവൈത്തില്‍ നടന്നത് വെറും മണിക്കൂറുകള്‍ മാത്രമാണ്. പങ്കെടുക്കേണ്ട പ്രമുഖര്‍ വിട്ടുനിന്നതോടെയാണ്, സാധാരണ ദിവസങ്ങള്‍ നീളുന്ന ഉച്ചകോടി മണിക്കൂറുകള്‍ക്കകം പിരിയുന്ന സാഹചര്യമുണ്ടായത്.

ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ഗള്‍ഫില്‍ നിന്ന് വന്നിരിക്കുന്നത്. പുതിയ സമിതികള്‍ രൂപീകരിക്കുന്നു. ജിസിസി നിലനില്‍ക്കവെ തന്നെയാണ് ചെറിയ സമിതികള്‍ വരുന്നത്. സൗദിയുടെ നേതൃത്വത്തിലാണ് ഈ സമിതികള്‍ വരുന്നത്. സൗദി അറേബ്യ മുന്‍കൈയ്യെടുത്താണ് പുതിയ നീക്കം നടക്കുന്നത്. കുവൈത്തുമായി സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഇതുസംബന്ധിച്ച് ധാരണയായി. കഴിഞ്ഞദിവസം ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ബന്ധപ്പെട്ട ചര്‍ച്ച നടത്തി.

Loading...

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദും സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ അല്‍ ജുബൈറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സൗദി മന്ത്രി കുവൈത്തിലെത്തിയാണ് അമീറിനെ കണ്ടത്. ഈ കൂടിക്കാഴ്ചയാണ് പുതിയ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ ദൗത്യങ്ങള്‍ ഒട്ടേറെയാണ്.സൗദിയുടെയും കുവൈത്തിന്റെയും അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് വീണ്ടും ഉല്‍പ്പാദനം ആരംഭിക്കാനാണ് നീക്കം. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സമിതിയായിരിക്കും ഈ ഉല്‍പ്പാദനത്തിന് മേല്‍നോട്ടം വഹിക്കുക. കുവൈത്തുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി ശ്രമിച്ചുവരകിയാണ്. 2014ല്‍ അടച്ച വഫ്ര എണ്ണപ്പാടം വീണ്ടും സജീവമാകുകയാണ്.

പാരിസ്ഥിതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഫ്ര, ഖാഫ്ജി എണ്ണപ്പാടങ്ങള്‍ 2014-15 കാലത്ത് അടച്ചുപൂട്ടിയത്. സാങ്കേതിക തടസങ്ങളും കാരണമായി പറയപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സമിതി വരുന്നതോടെ ഈ രണ്ട് പാടങ്ങളിലും ഉല്‍പ്പാദനം വീണ്ടും ആരംഭിക്കും. കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും ഇവിടെ നിന്ന് കയറ്റി അയക്കും. സൗദിയും കുവൈത്തും തമ്മില്‍ ബന്ധം ശക്തമാക്കാനാണ് തീരുമാനം. സാമ്പത്തിക കാര്യങ്ങളിലായിരിക്കും പുതിയ സമിതി പ്രധാനമായും ഊന്നല്‍ നല്‍കുക. ജിസിസിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായ സാഹചര്യത്തിലാണ് പുതിയ സമിതി രൂപീകരിച്ച് സഖ്യരാജ്യങ്ങളുമായി സൗദി അറേബ്യ സഹകരണം ശക്തമാക്കുന്നത്. സൗദിയുമായി സൈനിക സഹകരണം ശക്തമാക്കാനും കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ സൗദിയുടെ യമന്‍ അതിര്‍ത്തിയിലേക്ക് കുവൈത്ത് സൈന്യത്തെ അയച്ചുകൊടുത്തിരുന്നു. സൗദിയുടെ യമനിലെ സൈനിക നീക്കങ്ങളില്‍ കുവൈത്തും പങ്കാളികളാണ്. ഈ മുന്നണിയിലേക്ക് തന്നെയാണ് കൂടുതല്‍ സൈന്യത്തെ അയച്ചുകൊടുത്തിരിക്കുന്നത്.

സൗദി, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സമിതിയാണ് ജിസിസി. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഒരുവര്‍ഷമായി ജിസിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമായും ശ്രമിച്ചത് കുവൈത്ത് അമീറായിരുന്നു. എന്നാല്‍ കുവൈത്തുമായി പുതിയ സഹകരണ സമിതിയുണ്ടാക്കുകയാണ് സൗദി. അടുത്തിടെ യുഎഇയുമായും സൗദി അറേബ്യ ഒരു പ്രത്യേക സഹകരണ സമിതിയുണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നത് ഈ സമിതിയാണ്. അടുത്തിടെ ഈ സമിതി ആദ്യം യോഗം ചേരുകയും സാമ്പത്തിക-സൈനിക-വാണിജ്യ കാര്യങ്ങളില്‍ കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.