റിയാദ്: സൗദിയില്‍ ടെലിഫോണ്‍ സുരക്ഷിതത്വം ശക്തമാക്കുന്നതിനെ തുടര്‍ന്ന് വിദേശികളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ അവരുടെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്ന് ടെലികോം അതോറിറ്റി വ്യക്തമാക്കി. ഉടമസ്ഥരില്ലാത്ത സിം കാര്‍ഡുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്. ഇഖാമക്ക് പകരം പാസ്പോര്‍ട്ടുമായി ബന്ധപ്പെടുത്തുന്നതോടെ സന്ദര്‍ശന, തീര്‍ഥാടന വിസയിലത്തെുന്നവര്‍ക്കും രേഖാമൂലം അനായാസം സിം കാര്‍ഡ് കരസ്ഥമാക്കാനാവും. കൂടാതെ വിദേശി സൗദി വിടുന്നതോടെ സിം കാര്‍ഡുകള്‍ റദ്ദാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. റജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ രാജ്യത്ത് വ്യാപിക്കുന്നത് സൗദിയുടെ സാമ്പത്തിക, സുരക്ഷ മേഖലക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവണതക്ക് അറുതിവരുത്താന്‍ മൊബൈല്‍ കമ്പനികളുമായി ടെലികോം അതോറിറ്റി ധാരണയായത്.
നിയമാനുസൃതമല്ലാത്ത നടപടികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഇത്തരം സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് രാജ്യസുരക്ഷക്ക് പ്രയാസം സൃഷ്ടിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ നിര്‍ണിത സമയപരിധിക്കുള്ളില്‍ തങ്ങളുടെ കീഴിലുള്ള സിം കാര്‍ഡുകള്‍ നിയമാനുസൃതമാക്കി മാറ്റണമെന്ന് ടെലികോം, വിവരസാങ്കേതികവിദ്യ മന്ത്രി ഡോ. മുഹമ്മദ് അസ്സുവൈല്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു. അറിയപ്പെടാത്ത സിം കാര്‍ഡുകള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രാലയത്തിന് നിര്‍ബന്ധബുദ്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ കമ്പനിയും കാലപരിധി നിശ്ചയിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വകുപ്പുമന്ത്രിയുടെ നിര്‍ദേശം. മക്ക മേഖലയിലെ താഇഫില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി അനധികൃത സിം കാര്‍ഡുകള്‍ കണ്ടത്തെിയിരുന്നു. 40 പേരില്‍ നിന്നായി 29,000 സിം കാര്‍ഡുകള്‍ കണ്ടത്തെിയതായാണ് കണക്ക്.