പ്രവാസികള്‍ക്ക് എക്സിറ്റ്, റീഎന്‍ട്രി വിസ നല്‍കുന്നതിനുള്ള കാലാവധി 90 ദിവസം

പ്രവാസികള്‍ക്ക് എക്സിറ്റ്, റീഎന്‍ട്രി വിസ നല്‍കുന്നതിനുള്ള കാലാവധി 90 ദിവസമാണെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു. ഒരു പ്രവാസി സൗദിയില്‍ നിന്നും വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന തീയതി മുതല്‍ റീ എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കിതുടങ്ങും.

അതേസമയം യാത്രാകാലാവധി ദൈര്‍ഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലൊ നിശ്ചിത തീയതിക്ക് മുമ്പ് സൗദിയില്‍ തിരികെ എത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് റീ എന്‍ട്രി ലഭിച്ചതെങ്കിലോ റീ എന്‍ട്രി കാലാവധി ഇഷ്യു ചെയ്ത തീയതി മുതലാണ് കണക്കാക്കുക.

Loading...

ഒറ്റ റീഎന്‍ട്രി വിസക്കുള്ള തുക 200 റിയാല്‍ ആണ്. ഇതിന് രണ്ട് മാസത്തെ കാലാവധി ഉണ്ടായിരിക്കും. കാലാവധി വര്‍ദ്ദിപ്പിക്കണമെങ്കില്‍ തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍ വീതം നല്‍കണം. ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും റീ എന്‍ട്രി വിസ നീട്ടി നല്‍കുക എന്ന് ജവാസാത്ത് അറിയിച്ചു.

ഒന്നിലധികം തവണ സൗദിക്കുവെളിയില്‍ സഞ്ചരിക്കുവാനുള്ള മള്‍ട്ടി റീഎന്‍ട്രി വിസയുടെ ഫീസ് മൂന്ന് മാസത്തേക്ക് 500 റിയാലാണ്. എന്നാല്‍ ഇഖാമയ്ക്ക് കാലാവധി ഉണ്ടെങ്കില്‍ ഓരോ അധിക മാസത്തിനും 200 റിയാല്‍വീതം നല്‍കി മള്‍ടിപിള്‍ റീ എന്‍ട്രി വിസ കരസ്ഥമാക്കാവുന്നതാണ്. ഒരു പ്രവാസി സൗദിക്കുവെളിയില്‍ യാത്രപോകുന്നതിന്, ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുകയും, സാധുവായ വിസയും മറ്റു യാത്രാ രേഖയും കരുകയും വേണം.