യമനില്‍ വിമതര്‍ക്കെതിരെ സൗദി അറേബ്യ വ്യോമാക്രമണം തുടങ്ങി

സന: ഹൂതി വിമതര്‍ യെമന്റെ പല സുപ്രധാന കേന്ദ്രങ്ങളും പിടിച്ചടക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങി. 100 ഓളം യുദ്ധവിമാനങ്ങളാണ് സൗദി അറേബ്യയും സഖ്യകക്ഷികളും ആക്രമണത്തിനു ഉപയോഗിക്കുന്നത്. അതോടൊപ്പം യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബു മന്‍സൗര്‍ ഹദി രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈജിപ്ത്, മൊറോക്കോ, ജോര്‍ദാന്‍, സുഡാന്‍, കുവൈത്ത്, യു എ.ഇ, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ 10 രാജ്യങ്ങളുെടെ യുദ്ധവിമാനങ്ങളും വ്യോമാക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയ്ക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണ ഈ യുദ്ധത്തിനു വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയ്ക്ക് ആവശ്യമായ രഹസ്യ വിവരങ്ങളും അവശ്യ വസ്തുക്കളും നല്‍കുമെന്ന് അമേരിക്കയും വ്യക്കമാക്കിയിട്ടുമുണ്ട്.

Loading...

1.5 ലക്ഷം സൈനികര്‍ യെമനിലേക്ക് പോകാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും അല്‍ അറേബ്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ പ്രധാന വിമാനത്താവളത്തിനും ദൗലൈമി വ്യോമത്താവളത്തിനും നേരെ വ്യാഴാഴ്ച വിമതര്‍ കനത്ത ആക്രമണം നടത്തിയിരുന്നു. യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 6 ശതമാനം വര്‍ധിച്ചു. യെമനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഹൂതി വിമതര്‍ നടത്തുന്ന പ്രക്ഷോഭത്തെ അമേരിക്ക അപലപിച്ചിട്ടുണ്ട്. വിമതനീക്കം തടയാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സഹായം യെമന്‍ അഭ്യര്‍ഥിച്ചിരുന്നു.

വിമതരുടെ ആക്രമണം ഭയന്ന് അമേരിക്കയും സഖ്യകക്ഷികളും അവരുടെ അവിടെയുള്ള എംബസ്സികളും മറ്റ് സൈനീക താവളങ്ങളും കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയിരുന്നു. യെമനില്‍ ഹൂതി വിമതര്‍ പിടിമുറുക്കിയാല്‍ അത് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഉറപ്പായതിനാലാണ് യെമന്‍ വിമതര്‍ക്കെതിരെ സായുധ നടപടികള്‍ക്ക് സൗദി അറേബ്യ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സൌദിയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു

ജീസാന്‍, അബ്ഹ, വാദി ദവാസിര്‍, ബീഷ, ഷാറൂറ, നജ്റാന്‍, അല്‍ബാഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി സൌദി സിവില്‍ എവിയേഷന്‍ അഥോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളിലേക്കുള്ള ബുക്കിങുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ന് കാലത്തുമുതലാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. അടുത്ത അറിയിപ്പുണ്ടാകുന്നത്വരെ സ്ഥിതി തുടരും. ബുക്കിങ് സംബന്ധമായ വിവരങ്ങള്‍ യാത്രക്കാരുമായി സിവില്‍ എവിയേഷന്‍ അഥോരിറ്റി എസ്എംഎസ് മുഖേന നേരിട്ട് ബന്ധപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു.യെമന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

saudia