സൗദി തൊഴില്‍ നിയമത്തില്‍ വന്‍ മാറ്റങ്ങള്‍. 38 ഭേദഗതികള്‍ ഉള്‍ക്കൊളളുന്നതാണ് പുതിയ തൊഴില്‍ നിയമം. സ്വദേശിവല്‍ക്കരണത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും എന്നതാണ് മുഖ്യ ഭേദഗതി. പരിഷ്കരണം ആറ്മാസത്തിന്ശേഷം പ്രാബല്യത്തില്‍ വരും.
സൗദി തൊഴില്‍ നിയമത്തിലെ 38 അനുഛേദങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് നിയമത്തില്‍ പരിഷ്കരണം വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 23ന് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തൊഴില്‍ മന്ത്രിക്ക് നല്‍കിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് സമൂല പരിഷ്കരണം. സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും എന്നതാണ് തൊഴിലാളികളെ ബാധിക്കുന്ന മുഖ്യ മാറ്റം. സ്വദേശിവത്കരണത്തില്‍ തൊഴിലുടമ വീഴ്ചവരുത്തിയാല്‍ അതിന്റെ പ്രത്യാഘാതം തൊഴിലാളികള്‍ കൂടി അനുഭവിക്കേണ്ടിവരും. ഇഖാമ പുതുക്കാന്‍ വര്‍ക് പെര്‍മിറ്റ് അനിവാര്യമാണെന്നതിനാല്‍ വിദേശികളുടെ ഇഖാമ പുതുക്കലിനെ നിയമം നേരിട്ട് ബാധിക്കും.
സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ അനുപാതവും പുതിയ നിയമത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 50 വിദേശി തൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ 12 സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണം. പഴയ നിയമത്തി ആറ് പേര്‍ക്ക് എന്നത്പുതിയ നിയമത്തില്‍ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശി പരിശീലകരുടെ പഠന ചെലവും സ്ഥാപനം വഹിക്കണം. പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കാലാവധി നിശ്ചയിച്ച തൊഴില്‍ കരാര്‍ കാലാവധി മൂന്നില്‍ നിന്ന് നാല് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണ കരാര്‍ പുതുക്കുന്ന സ്വദേശി തൊഴിലാളികളുടെ കരാര്‍ അനിശ്ചിതകാലമായി പരിഗണിക്കും.
സ്വദേശി തൊഴിലാളികളുടെ തൊഴിലവസരത്തെയോ ബാധിക്കുന്ന പരാമര്‍ശം തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് മാസാന്ത ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ രണ്ട് മാസം മുമ്പ് തൊഴിലാളികളെ വിവരമറിയിച്ചിരിക്കണം. ശമ്പള വിതരണത്തിന് മറ്റു രീതി അവലംബിക്കുന്ന സ്ഥാപനങ്ങള്‍ ഒരു മാസം മുമ്പ് വിവരം നല്‍കിയാല്‍ മതിയാവും. എന്ന രണ്ട് അവസരത്തിലും കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അലവന്‍സ് നല്‍കിയിരിക്കണം. കാരണം കൂടാതെ തുടര്‍ച്ചയായ 15 ദിവസമോ വര്‍ഷത്തില്‍ ഇടവിട്ട് 30 ദിവസമോ ജോലിക്ക് ഹാജരാവാതിരിക്കുന്നത് തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കാന്‍ കാരണമാവും.
ശമ്പളം ബാങ്ക് വഴി നല്‍കിയിരിക്കണമെന്ന് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളി സ്ഥാപനത്തില്‍ ചെലവഴിക്കുന്ന കൂടിയ സമയം 12 മണിക്കൂറായിരിക്കും. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൂന്നിന് പകരം അഞ്ച് ദിവസം അവധി, ഭാര്യ പ്രസവിച്ചാല്‍ ഒന്നിന് പകരം മൂന്ന് ദിവസത്തെ അവധി, ജോലിക്കിടയില്‍ പരിക്ക് പറ്റുന്നവര്‍ക്ക് 30ന് പകരം 60 ദിവസം വരെ അവധി, സ്ത്രീകള്‍ക്ക് പ്രസവത്തിന് നാല് ആഴ്ച വരെ പൂര്‍ണ ശമ്പളത്തോടെ അവധി, മറ്റൊരു മാസം ശമ്പളമില്ലാത്ത അവധി, ഇദ്ദ കാലാവധിക്ക് നാല് മാസവും പത്ത് ദിവസവും അവധി എന്നിവയും പരിഷ്കരണത്തിന്റെ പ്രത്യേകതകളാണ്. പരിശോധന വ്യാപകമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
രണ്ട് ദിവസത്തെ വാരാന്ത അവധി, സാധാരണ നിയമത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയ, കര്‍ഷകര്‍, ഇടയന്മാര്‍ തുടങ്ങി വീട്ടുവേലക്കാരല്ലാതെ വ്യക്തികളുടെ കീഴില്‍ കഴിയുന്ന ചില വിഭാഗത്തിനുള്ള പ്രത്യേക നിയമങ്ങള്‍ എന്നിവ അടുത്ത ഘട്ടം പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. തൊഴില്‍ വിപണിയും സാമ്പത്തിക മേഖലയും പാകപ്പെടാന്‍ വേണ്ടി ഭേദഗതി വരുത്തിയ പരിഷ്കരണങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ മന്ത്രാലയം ആറ് മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.