സൗദിയില്‍ നിന്നു വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നത് ആഭ്യന്തര വരുമാനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

സൗദിയില്‍ നിന്നു വിദേശികള്‍ വലിയ തോതില്‍ പണമയക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തെ പ്രതികൂലമായ ബാധിക്കുമെന്ന് സൗദി സാമ്പത്തിക വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം അവസാനത്തോടെ വിദേശികള്‍ അയക്കുന്ന പണം 160 ബില്ല്യന്‍ റിയാലായി കൂടുമെന്നാണ് നിഗമനം.

സൗദിയിലെ വിദേശികള്‍ സ്വന്തം നാടുകളിലേക്ക് ക്രമാതീതമായി പണമയക്കുന്നത് രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായ ബാധിക്കുമെന്ന് സൗദി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശികള്‍ സ്വദേശത്തെക്ക് അയക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര വരുമാനം ആറ് ശതമാനം കണ്ട് കുറക്കുമെന്നാണ് പ്രമുഖ സൗദി സാമ്പത്തിക വിദഗ്ധന്‍ ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ സുല്‍ത്താന്റെ അഭിപ്രായം. സ്വദേശി പൗരന്മാരെ അവഗണിച്ച് വിദേശികള്‍ക്ക് ജോലി നല്‍കുന്നതും രാജ്യ താല്പര്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ കര്‍ശനമായ നിയന്ത്രണവും നിരീക്ഷണവും മൂലം അനധികൃത പണമിപാടുകള്‍ ഇപ്പോള്‍ കൂടുതലായും ഔദ്യോഗിക പണമിടപാട് മാര്‍ഗത്തെയാണ് അവലംബിക്കുന്നത്.

Loading...

വിദേശികള്‍ പ്രാദേശിക വിപണിയില്‍ തന്നെ പണം നിക്ഷേപിക്കുന്ന ചിന്ത നല്ലതാണെങ്കിലും ഇത് ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണെന്നും സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് അല്‍ ഇമ്രാന്‍ പറഞ്ഞു. രാജ്യത്തെ വിദേശികളുടെ കൃത്യമായ കണക്കെടുക്കുകയും അവരുടെ സാമ്പത്തിക സ്രോതസ്സ് സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കണക്കറ്റ രീതിയില്‍ വിദേശങ്ങളിലെക്കുള്ള പണമിടപാട് നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും മുഹമ്മദ് അല്‍ ഇമ്രാന്‍ പറഞ്ഞു.