സൗദിയിൽ മലയാളിയുടെ കൈ വെട്ടിമാറ്റാൻ വിധി

സൗദിയിൽ മലയാളി യുവാവിന്റെ കൈ വെട്ടാൻ കോടതി വിധി വന്നിരിക്കുന്നു. മോഷണ കേസിലാണ്‌ കോടതി ഉത്തരവിട്ടത്.ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവാണ് കേസിലെ പ്രതി. സൗദിയിലെ അബഹയിൽ യുവാവ് ജോലി ചെയ്തിരുന്ന റസ്റ്റോറന്റിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായിരുന്നു. അന്വേഷണത്തിൽ യുവാവാണ് പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇയാൾ കുറ്റം ഏറ്റു പറയുകയും മോഷ്ടിച്ച പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തിൽ ഖമീഷ് മുശൈത്തിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.അബഹയിൽ റസ്റ്റോറന്റ് ജീവനക്കാരനായ യുവാവാണ് കേസിൽപ്പെട്ടത്. മോഷണം കുറ്റം തെളിഞ്ഞതോടെ ശരീഅത്ത് നിയമപ്രകാരമാണ് വിധി വന്നിരിക്കുന്നത്. അപ്പീലിന് പോകാൻ പ്രതിക്ക് ഒരാഴ്ചത്തെ കൂടി സമയമുണ്ട്.

ശരീഅത്ത് നിയമപ്രകാരം പ്രതിയുടെ വലത്തേ കൈപ്പത്തി വെട്ടിമാറ്റാനാണ് വിധി. തടവിൽ കഴിയുന്ന പ്രതിക്ക് റമദാൻ പതിനേഴിനുള്ളിൽ അപ്പീലിന് പോകാൻ അവസരമുണ്ട്. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യുവാവിന് നിയമസഹായം നൽകാൻ രംഗത്തുണ്ട്. ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യൽ ഫോറം പ്രവർത്തകനുമായ സൈദ് മൗലവി നിയമവിദഗ്ധരുമായി വിഷയം ചർച്ച ചെയ്തു. ആറു വർഷമായി ഈ റസ്റ്റോറന്റിലെ ജീവനക്കാരനാണ് പ്രതി. ഇതേ റസ്റ്റോറന്റിൽ നേരത്തെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇരുപത്തിനാലായിരം റിയാൽ സ്‌പോൺസർക്ക് നൽകാൻ ഉണ്ടായിരുന്നു. ഈ ഇടപാടിന് പ്രതി ജാമ്യം നിന്നിരുന്നതായി പറയപ്പെടുന്നു. സുഹൃത്ത് പണം തിരിച്ചടക്കാത്തതിനാൽ സ്‌പോൺസർ ഈ തുക പ്രതിയിൽ നിന്നും ഈടാക്കി. ഇതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുന്നു. നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്‌സിറ്റ് ലഭിച്ച ശേഷമായിരുന്നു പ്രതി മോഷണക്കേസിൽപ്പെട്ടത്.