സൗദിയെ വിറപ്പിച്ചത് ഇന്ത്യക്കാരന്‍!! ജിദ്ദയില്‍ ചാവേറായി പൊട്ടിത്തെറിച്ചു

ജിദ്ദ: സൗദി അറേബ്യയെ വിറപ്പിച്ച മൂന്ന് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യക്കാരനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിദ്ദയിലും മദീനയിലുമുള്‍പ്പെടെ മൂന്ന് സ്‌ഫോടനങ്ങള്‍ നടത്തിയ സംഘത്തിലെ പ്രധാനി ഇന്ത്യക്കാരനായിരുന്നു. ഇയാള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി ചാവേറായി പൊട്ടിത്തെറിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധകളിലാണ് ഇന്ത്യക്കാരനാണെന്ന് തെളിഞ്ഞത്. ഇയാളെ സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സൗദി ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് ഒടുവില്‍ തെളിഞ്ഞത്.

Loading...

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ 2016 ജൂലൈ നാലിനാണ് സ്‌ഫോടനമുണ്ടായത്. ചാവേറായി വന്ന വ്യക്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളുടെ ഡിഎന്‍എ പരിശോധനകളിലാണ് ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്. ഡിഎന്‍എ സാംപിള്‍ പരിശോധനയുടെ ഭാഗമായി ഇന്ത്യയും സൗദിയും സഹകരിച്ചിരുന്നു. ഫയാസ് കഗ്‌സിയാണ് ജിദ്ദയില്‍ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി എന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനാണ്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആക്രമണം നടന്ന ജിദ്ദയിലെ സ്ഥലത്ത് നിന്നു ഡിഎന്‍എ സാംപിളുകള്‍ സൗദി പോലീസ് ശേഖരിച്ചിരുന്നു. ഫയാസ് കഗ്‌സിയുടെ ഡിഎന്‍എ സാംപിളുകള്‍ നേരത്തെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും ശേഖരിച്ചിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ സാംപിളുകള്‍ സൗദി അധികൃതര്‍ക്ക് കൈമാറി. ജിദ്ദയില്‍ കൊല്ലപ്പെട്ട വ്യക്തിയുടെതുമായി യോജിക്കുന്നുണ്ട്. ഇങ്ങനെയാണ് ഫയാസ് കഗ്‌സിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. ജിദ്ദയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സൗദിയെ വിറപ്പിച്ച് ഒരേ ദിവസം മൂന്ന് സ്‌ഫോടനങ്ങളാണ് അന്ന് നടന്നത്. ആദ്യത്തേതായിരുന്നു ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുമ്പില്‍. രണ്ടാമത്തേത് ഖത്തീഫിലെ ഷിയാ പള്ളിക്ക് മുമ്പിലും മൂന്നാമത്തേത് മദീനയിലെ പ്രവാചകന്റെ പള്ളിക്ക് പുറത്തുമായിരുന്നു.

ഫയാസ് കഗ്‌സി എവിടെയാണെന്ന് തിരയുകയായിരുന്നു ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീടാണ് സൗദിയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചത്. കഗ്‌സിക്കെതിരെ ദില്ലി കോടതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുണ്ട്. ഫയാസ് കഗ്‌സി കൊല്ലപ്പെട്ടുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. പൂനെയിലുണ്ടായ രണ്ട് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഫയാസ് കഗ്‌സിയാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. 2010ല്‍ ജര്‍മന്‍ ബേക്കറിയിലും 2012ല്‍ ജെഎം റോഡിലുമാണ് പൂനെയില്‍ സ്‌ഫോടനങ്ങളുണ്ടായത്.

പൂനെ സ്‌ഫോടനങ്ങള്‍ക്ക് പണം കൈമാറിയതും ആസൂത്രണം നടത്തിയതും ഫയാസ് കഗ്‌സിയാണെന്നാണ് എന്‍ഐഎ പറയുന്നത്. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നതിന് തിരച്ചില്‍ വ്യാപിപ്പിച്ചത്. കഗ്‌സിക്ക് വേണ്ടി സിബിഐ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ നടുങ്ങിപ്പോയ മുംബൈ ആക്രമണത്തില്‍ കഗ്‌സിക്കെതിരെ കേസില്ല. പക്ഷേ, ഇയാള്‍ അക്രമികളെ സഹായിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. ആക്രമണത്തിന് പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ക്ക് ഹിന്ദി പഠിപ്പിച്ചത് കഗ്‌സിയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.