റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്ഥാനമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. അബ്ദുല്ലാ രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് കിരീടവകാശിയായിരുന്ന സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. തലസഥാന നഗരിയായ റിയാദ് മേഖലയുടെ ഗവര്‍ണറായി 50 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചതിന്റെ ഭരണ മികവുമായിട്ടായിരുന്നു സല്‍മാന്‍ രാജാവ് രാജ്യ ഭരണത്തിനു തുടക്കം കുറിച്ചത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് കരുത്തു പകരുന്ന സാമ്പത്തിക പദ്ധതിക്കുമാണ് കഴിഞ്ഞ വര്‍ഷം രാജാവ് മുന്‍തൂക്കം നല്‍കിയത്. വെല്ലുവിളികള്‍ നേരിടുന്നതിനു ദേശിയ സമ്പത്ത് വ്യവസ്ഥക്ക് കഴിയുമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജാവിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ മാസം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനും അയല്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കുമിടെയാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ രാജാവ് പറഞ്ഞിരുന്നു.

Loading...

മന്ത്രിസഭ അഴിച്ചുപണിയിലും പുതിയ സമിതികളുടെ രൂപീകരണത്തിലും സ്വദേശി ക്ഷേമത്തിനാണ് സല്‍മാന്‍ രാജാവ് ഏറ്റവും ഊന്നല്‍ നല്‍കിയത്. പൗരന്മാരില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുന്നതിലൂടെ ജനഹൃദയങ്ങളില്‍ അദ്ദേഹം സ്ഥാനം പിടിച്ചു.

വിപണിയില്‍ എണ്ണ വില ഇടിഞ്ഞെങ്കിലും ശക്തമായ സമ്പത്ത് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സംയോജിത പ്രവര്‍ത്തന പദ്ധതിയുടെ തുടക്കമായിരുന്നു സല്‍മാന്‍ രാജാവിന്റെ ആദ്യ ബജറ്റ്. മേഘലയുലെ സമാധാനത്തിനും സുരക്ഷക്കുമായി സൗദി ശക്തമായ ഇടപെടുന്ന കാഴ്ചയാണ് പോയ വര്‍ഷം ലോകം കണ്ടത്. അതിനായി സഖ്യസേന രൂപികരിക്കാനും കഴിഞ്ഞു.

ജി.സി.സി റിയാദ് ഉച്ചകോടിയോടെ ഒരു വര്‍ഷത്തെ നായകസ്ഥാനം ഏറ്റെടുത്ത സൗദി അറേബ്യക്ക് മേഖലയുടെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങളില്‍ ഐക്യം രൂപപ്പെടുത്താന്‍ സാധിച്ചു. ഗള്‍ഫ് സഹകരണം എന്ന ആശയത്തില്‍ നിന്ന് ജി.സി.സി യൂനിയന്‍ എന്ന ഐക്യത്തിലേക്കുള്ള ചുവടുവെപ്പിനാണ് സൗദി നേതൃത്വം നല്‍കുന്നത്. പൗരന്മാരുടെ ക്ഷേമത്തിന് ഏറ്റവും ശ്രദ്ധ നല്‍കിയ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞു പോയത്.

നയതന്ത്ര രംഗത്തെ സുതാര്യതയും വിശാല സൗഹൃദവും ലോകരാഷ്ട്രങ്ങളുടെ പിന്തുണ പിടിച്ചുപറ്റാന്‍ സൗദിയെ സഹായിച്ചു. ഹജ്ജ്, ഉംറ, തീര്‍ഥാടകര്‍ക്കും പുണ്യ നഗരങ്ങളിലെ സന്ദര്‍ശകര്‍ക്കും വേണ്ടി മക്ക, മദീന ഹറമുകളിലും നടപ്പാക്കിയ വികസന പദ്ധതികള്‍ തീര്‍ഥാടകരുടെ സൗകര്യം വര്‍ധിപ്പിക്കാനും മുസ്ലിം ലോകത്തിന്റെ ആദരവ് നേടാനും കാരണമായി.

ഏറ്റവും ഒടുവില്‍ ഇറാനില്‍ സൗദി നയതന്ത്ര സ്ഥാപനങ്ങള്‍ക്കുനേരെ നടന്ന ആക്രമങ്ങളില്‍ ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ മാത്രമല്ല, അറബ് രാജ്യങ്ങളുടെയും പിന്തുണ നേടാനും സൗദിക്കു സാധിച്ചു.