റിയാദ്: സൗദിയിൽ വിദേശ നയതന്ത്ര കാര്യാലയങ്ങൾ തൊഴിൽ സ്ഥാപനങ്ങളിൽ പോയി തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനു വിലക്ക്. ഇത് ചട്ട വിരുദ്ധമാണെന്നും അംഗീകൃത വഴികളിലൂടെ മാത്രമേ ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാവൂ എന്നും തൊഴിൽ മന്ത്രി ഓർമിപ്പിച്ചു. തൊഴിൽ രംഗത്തെ പ്രശങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി വിദേശ തൊഴിലാളികൾ തങ്ങളുടെ എമ്പസികളെ സമീപിക്കാറുണ്ട്.

എന്നാൽ ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാൻ എംബസിയോ കോൺസുലേറ്റോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ സന്ദർശിക്കരുതെന്ന് സൗദി തൊഴിൽ മന്ത്രി മുഫ്രിജ് അൽ ഹഖബാനി നിർദേശിച്ചു. വിദേശ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ ഇങ്ങനെ കമ്പനികൾ സന്ദർശിക്കുന്നത് ചട്ട വിരുദ്ധമാണ്. പകരം പ്രശ്‌നങ്ങൾ പരിഹാരിക്കാൻ വ്യക്തമായ മാർഗരേഖയുണ്ടെന്നു മന്ത്രി പറഞ്ഞു.

Loading...

കിഴക്കൻ പ്രവിശ്യാ ചേമ്പർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പൗരന്മാരുടെ പരാതി കിട്ടിക ഉടനെ പല എംബസികളും നേരിട്ട് തൊഴിലുടമകളെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തൊഴിൽ നിയമത്തിലെ എഴുപത്തിയെഴാം വകുപ്പ് പ്രകാരം ഇത് നിയമലംഘനമാണ്. ഇതിനു പകരം ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുകയാണ് ഇവർ ചെയ്യേണ്ടത്.

വിദേശിയെന്നോ സ്വദേശി എന്നോ വ്യത്യാസമില്ലാതെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് ചുരുങ്ങിയ വേതനം 1500 റിയാലാക്കണമെന്ന നിർദേശത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.