സൗദിയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സ്വദേശിവത്കരണം പാലിക്കാത്ത രാജ്യത്തെ കമ്പനികള്‍ക്കെതിരെയും നടപടി എടുത്തു തുടങ്ങിയതോടെ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ സ്വദേശിവത്കരണം പാലിക്കാത്തതിന്റെ പേരില്‍ മൊബൈലി ഫോണ്‍ കമ്പനിക്കെതിരെ സൗദി ടെലികോം അതോറിറ്റി കൗണ്‍സില്‍ നടപടി സ്വീകരിച്ചു.

സൗദി ടെലികോം ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രി അബ്ദുല്ലാ ബിന്‍ ആമിര്‍ അല്‍സവാഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൊബൈലിക്കെതിരെ നടപടി. പ്രീപൈഡോ, പോസ്റ്റ് പൈഡോ ആയ പുതിയ കണക്ഷനുകള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു കൊണ്ട് അതോറിറ്റി ഉത്തരവിറക്കി.

രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ അതോറിറ്റി 2017ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി മുന്നറിയിപ്പുകള്‍ അവഗണിച്ച് നിയമ ലംഘനങ്ങള്‍ തുടര്‍ന്നതിനാലാണ് നടപടി. നിലവിലുള്ള കണക്ഷനുകളുടെ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലന്ന് അതോറിറ്റി വ്യക്തമാക്കി.

Top