സൗദി അറേബ്യയിൽ തൊഴിൽ, വിസാ നിയമങ്ങൾ ലംഘിച്ച 382 ഇന്ത്യാക്കാരെ കൂടി നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, വിസാ നിയമങ്ങൾ ലംഘിച്ച 382 ഇന്ത്യാക്കാരെ കൂടി നാടുകടത്തി. എല്ലാവരും അടുത്ത ദിവസങ്ങളിൽ പിടിയിലായതാണ്. റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ മാത്രം മുന്നൂറിലേറെ പേർ ബാക്കിയുണ്ടെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ പറഞ്ഞു. റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നാണ് മലയാളികളടക്കമുള്ള ഇത്രയും പേർ വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്.

ഏറ്റവും ഒടുവിൽ പോയവരടക്കം ആറുമാസത്തിനിടെ റിയാദ്, ജിദ്ദ തർഹീലുകളിൽ നിന്ന് നാട്ടിലെത്തിയ ഇന്ത്യാക്കാരുടെ ആകെ എണ്ണം 2,681 ആയി. ഇതുവരെ ഒമ്പത് സൗദി എയർലൈൻസ് വിമാനങ്ങളിലായാണ് ഇത്രയും പേർ നാടണഞ്ഞത്. തർഹീലിൽ കഴിയുന്നവരെ കുറിച്ചും അവരുടെ യാത്രയെ കുറിച്ചും അറിയാൻ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാമെന്ന് എംബസി അധികൃതർ അറിയിച്ചു.

Loading...

ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൊവിഡ് മാനദണ്ഡപ്രകാരം യാത്രാസൗകര്യമൊരുക്കി സ്വദേശങ്ങളിലേക്ക് അയച്ചു. വെള്ളിയാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലെത്തിയവരിൽ ഏതാനും മലയാളികളുമുണ്ട്. ‍റിയാദിൽ നിന്ന് ഇവരെ കയറ്റിയയക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസമദ് എന്നിവരാണ് റിയാദ് അൽഖർജ് റോഡിൽ ഇസ്കാനിലുള്ള തർഹീലിലെത്തി ആവശ്യമായ യാത്രാരേഖകൾ ശരിയാക്കിയത്. റിയാദിലെ തർഹീലിൽ ബാക്കിയുള്ളവരെ അടുത്തയാഴ്ച നാട്ടിലേക്ക് അയക്കും.