മുൻപൊരിക്കലും ജീവിച്ചിട്ടില്ലാത്ത ആഹ്ലാദകരമായ ജീവിതം എനിക്ക് നയിക്കണം.’ ;-റഹാഫ്

അവൾക്ക് വാസ്തുശാസ്ത്രം പഠിക്കാൻ കോളജിൽ പോകണം. ഇംഗ്ലീഷ് ക്ലാസ്സുകളിൽ ചേരാനും പരിപാടിയുണ്ട്. തനിക്ക് പെട്ടെന്ന് കൈവന്ന മാധ്യമശ്രദ്ധയുടെ അമ്പരപ്പ് അവൾക്കുണ്ട്. അതവളെ ചകിതയാക്കുന്നുണ്ട്. പതിനെട്ടുകാരിയായ റഹാഫ് മൊഹമ്മദ് അൽഖുനും ഇപ്പോൾ കാനഡഡയിലാണുള്ളത്. സൗദിയിലെ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് തിങ്കളാഴ്ചയാണ് അവൾ കാനഡയിലെത്തിയത്. ഭീതിയുടെയും ആക്രമണങ്ങളുടെയും നാളുകൾ ഇനിയില്ലെന്ന ആശ്വാസവും അവളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

ഇനി ഒരു കൗമാരക്കാരിയായി ജീവിക്കാൻ തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയുണ്ട് അവൾക്ക്. തനിക്കാഗ്രഹമുള്ളതു പോലെ ജീവിക്കാൻ അവൾക്ക് സാധിക്കും. സ്ത്രീയാണെന്ന കാരണത്താൽ ഇനിയാരും അവൾക്കു മുമ്പിൽ വിലക്കുകളുമായി വരില്ല.

Loading...

‘മുൻപൊരിക്കലും ജീവിച്ചിട്ടില്ലാത്ത ആഹ്ലാദകരമായ ജീവിതം എനിക്ക് നയിക്കണം.’ -റഹാഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീവിരോധത്തിന് പ്രസിദ്ധമായ തന്റെ രാജ്യത്തു നിന്നും കുടുബത്തിലെ പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കുവൈത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കവെ ബാങ്കോക്ക് എയർപോർട്ടിൽ വെച്ച് തായ്‌ലാൻഡ് അധികൃതർ പിടികൂടുകയായിരുന്നു റഹാഫിനെ. ഇവിടെ നിന്ന് കുവൈറ്റിലേക്ക് കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ സോഷ്യൽ മീഡിയയിൽ നടന്ന വൻ പ്രചാരണങ്ങൾക്കും അന്താരാഷ്ട്രസമ്മർദ്ദങ്ങൾക്കുമൊടുവില്‍ റഹാഫിനെ തിരിച്ചയയ്ക്കേണ്ടെന്ന് തായ്‌ലാൻഡ് തീരുമാനിച്ചു. യുനൈറ്റഡ് നാഷൻസ് കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ സംരക്ഷണയിലായിരുന്നു റഹാഫ്. ജനുവരി 11ന് റഹാഫിന് കാനഡയിൽ അഭയം കിട്ടി.

രണ്ടായിരാമാണ്ടിലാണ് റഹാഫ് ജനിച്ചത്. പിതാവ് അൽ സുലൈമി പട്ടണത്തിന്റെ ഗവർണറാണ്. വിദ്യാഭ്യാസം ചെയ്യുന്നതിന് റഹാഫിന് വിലക്കുണ്ടായിരുന്നു. മാസങ്ങളോളം പൂട്ടിയിടപ്പെട്ടു.