സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട

പുരുഷന്റെ രക്ഷകര്‍തൃത്വമില്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാനും യാത്ര ചെയ്യാനും അനുമതി നല്‍കികൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും യാത്ര ചെയ്യുകയുമാവാം.

21 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഈ അവകാശം സ്വന്തമാക്കാനാകും. നേരത്തെ വനിതകള്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുരുഷന്റെ രക്ഷാകര്‍തൃത്വം ആവശ്യമായിരുന്നു.

Loading...

ഒപ്പം കുഞ്ഞുങ്ങളുടെ രക്ഷകര്‍തൃത്വം മാതാവിന് ഏറ്റെടുക്കാനും കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍തൃത്വമാണ് മാതാവിന് ഏറ്റെടുക്കാനാവുക.
ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമെ നേരത്തെ സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാനുള്ള അവകാശം അനുവദിച്ച് കിട്ടിയിരുന്നുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷാകര്‍തൃത്വമാകട്ടെ പിതാവിന് മാത്രമായിരുന്നു ലഭിച്ചിരുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ നിയമം കഴിഞ്ഞ വര്‍ഷമാണ് നടപ്പിലായത്.

അതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ സ്വാതന്ത്യം സ്ത്രീകള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവും. സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് സ്വതന്ത്രമായി അനുവദിക്കുന്നത് സംബന്ധിച്ച് ശൂറ കൗണ്‍സില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.