കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം മുംബൈയിലേക്ക് നാടുവിടാന്‍ സൗമ്യ പദ്ധതിയിട്ടിരുന്നു, ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്ന് അയല്‍ക്കാര്‍ക്ക് സൂചന നല്കി, പക്ഷേ

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യയെന്ന ഇരുപത്തെട്ടുകാരി കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് കൃത്യമായ മുന്നൊരുക്കത്തോടെ. പിതാവ് കുഞ്ഞിക്കണ്ണന്‍ മരിച്ചശേഷം സൗമ്യ അയല്‍ക്കാരോട് ഈ വീട്ടില്‍ കഴിയാന്‍ മനസ് അനുവദിക്കുന്നില്ലെന്നും കേരളത്തിന് പുറത്ത് ഹോംനേഴ്‌സ് പണിക്കു പോകാനുള്ള അവസരം വന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

കുടുംബാംഗങ്ങള്‍ മരിച്ച വീട്ടില്‍ നില്‌ക്കേണ്ടെന്നും കുറച്ചുനാള്‍ മാറിനിന്നാല്‍ വിഷമങ്ങള്‍ കുറച്ചു കുറയുമെന്നും അയല്‍ക്കാരായ സ്ത്രീകള്‍ പറയുകയും ചെയ്തു.

കൊലപാതകം വരെയുള്ള കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയ സൗമ്യയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഇവിടെ നിന്നാണ്. മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന കാര്യം സൗമ്യ അയല്‍ക്കാരെ അറിയിച്ച ദിവസം രാത്രിയാണ് നാട്ടുകാരായ യുവാക്കള്‍ ഒരു യുവാവിനെ രാത്രി സൗമ്യയുടെ വീടിന് അടുത്തുവച്ച് കാണുന്നത്.

സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിക്കുകയായിരുന്നു. ഇതോടെ സൗമ്യയുടെ ദുര്‍നടപ്പില്‍ നാട്ടുകാര്‍ക്ക് സംശയം ഉടലെടുത്തു.

ഇതോടെ ബന്ധുക്കളിലൊരാള്‍ സൗമ്യയെ സംശയമുണ്ടെന്ന് കാണിച്ചു പോലീസിനെ സമീപിച്ചു. നാട്ടുകാരും തങ്ങളുടെ സംശയം തുറന്നു പറഞ്ഞതോടെ സൗമ്യ തന്ത്രപൂര്‍വം മുംബൈ യാത്ര ഒഴിവാക്കി. പക്ഷേ പോലീസിന്റെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാനായില്ലെന്നുമാത്രം.

അതിനിടെ സൗമ്യ അച്ഛനമ്മമാരുടെ കൊലയ്ക്ക് ദിവസങ്ങള്‍ക്കുമുന്‍പേ കുടിവെള്ള പരിശോധനയ്ക്ക് അപേക്ഷയുമായി പിണറായി കൃഷി ഓഫീസിനെയും സമീപിച്ചിരുന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. കിണര്‍വെള്ളത്തില്‍ അമോണിയയുടെ സാന്നിധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.

അച്ഛനെയും അമ്മയെയും വിഷം നല്‍കി കൊല്ലുന്നതിനുമുന്‍പേ നാട്ടുകാരുടെ സംശയമൊഴിവാക്കാനാണ് കൃഷി ഓഫീസില്‍ കുടിവെള്ള പരിശോധനയ്ക്കായി ചെന്നതെന്നും സൗമ്യ പോലീസിനോട് സമ്മതിച്ചു.

സ്ഥിരം യാത്രയ്ക്ക് വിളിക്കാറുള്ള ഓട്ടോ ഡ്രൈവറോടാണ് എലിവിഷം വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ എലിശല്യമുണ്ടെന്ന് ധരിപ്പിച്ചാണ് എലിവിഷം വാങ്ങിപ്പിച്ചതെന്ന് ഡ്രൈവര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.