പണിമുടക്ക്: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ ആക്രമണം; മാനേജരുടെ ക്യാബിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ ആക്രമണം. മാനേജരുടെ ക്യാബിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി.

അതേസമയം സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വീണ്ടും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

ഇന്നലെയും വേണാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ രപ്തിസാഗര്‍ എക്സ്പ്രസ് കൂടി തടഞ്ഞതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടത്തും പ്രവര്‍ത്തിച്ചില്ലെങ്കിലും കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

Top