വീണ്ടും പാരയുമായി എസ്.ബി.ഐ, ഭാര്യയുടെ എ.ടി.എം കാർഡ് ഭർത്താവ് ഉപയോഗിക്കരുത്

ഭാര്യയുടെ എടിഎം ഭര്‍ത്താവ് ഉപയോഗിക്കുവാന്‍ പാടില്ലെന്ന എസ്ബിഐയുടെ നിലപാട് ശരിവെച്ച് കോടതിയും. ബെംഗളൂരു സ്വദേശിനി വന്ദനയുടെ പരാതിയിലാണ് എസ്ബിഐ ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തെത്തിയത്.

വിധിക്ക് ആസ്പദമായ സംഭവം ഇങ്ങനെ…

2013 നവംബര്‍ 14നാണ് മറാത്തഹള്ളി സ്വദേശിനിയായ വന്ദന തന്റെ ഡെബിറ്റ് കാര്‍ഡ് അതിന്റെ പിന്‍ സഹിതം ഭര്‍ത്താവ് രാജേഷ് കുമാറിന് നല്‍കുന്നത്. പ്രസവശേഷമുള്ള വിശ്രമത്തിലായതിനാലാണ് ഭര്‍ത്താവിന്റെ പക്കല്‍ എടിഎം കൊടുത്തു വിട്ടത്. വീടിനു സമീപമുള്ള എസ്ബിഐ എടിഎമ്മിലെത്തിയ രാജേഷ് ഇവിടെ നിന്നും 25,000 രൂപ പിന്‍വലിക്കാനാണ് ഉദ്ദേശിച്ചത്. എടിഎം സ്വെെപ് ചെയ്ത ശേഷം തുകയും അടിച്ചു കൊടുത്തു. ഉടനെ തന്നെ തുക പിന്‍വലിച്ചതായി കാണിച്ചു കൊണ്ടുള്ള സ്ലിപ്പ് രാജേഷിനു കിട്ടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ തുക കിട്ടിയിരുന്നില്ല. ഇതിനു കാരണമായി കാണിച്ചത് അക്കൗണ്ടിന്റെ ഉടമ അല്ല എടിഎം ഉപയോഗിക്കുന്നതെന്നും അതിനാല്‍ പണം കൈമാറാനാകില്ലെന്നുമായിരുന്നു എടിഎമ്മില്‍ തെളിഞ്ഞത്.

എടിഎമ്മില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ രാജേഷ് എസ്ബിഐ കോള്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും പണം 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് തിരികെ എത്തുമെന്നായിരുന്നു മറുപടി. എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാതായതോടെ രാജേഷ് കുമാറും വന്ദനയും എസ്ബിഎ എച്ച്എഎൽ ബ്രാഞ്ചിനെ സമീപിച്ചു. പക്ഷേ, ദമ്പതികളുടെ പരാതി തെറ്റാണെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം. എടിഎം ഇടപാട് കൃത്യമായിരുന്നെന്നും, ഉപഭോക്താവിന് കൃത്യമായി പണം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് ബാങ്ക് അധികൃതർ ദമ്പതികളെ തിരിച്ചയച്ചു.

ബ്രാഞ്ചിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനാൽ വന്ദന എസ്ബിഐയുടെ പ്രധാന ഓഫീസുകളിലും ഉപഭോക്തൃ പരിഹാര ഫോറത്തിലും പരാതി നൽകി. ഇതിനിടെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ വന്ദന ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് രാജേഷ് കുമാർ എടിഎം ഉപയോഗിക്കുന്നതും എന്നാൽ പണം ലഭിക്കാത്തതും ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പക്ഷേ, വന്ദനയെ ഞെട്ടിച്ച് എസ്ബിഐ അന്വേഷണസംഘം മറ്റൊരു കാര്യമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തയത്. എടിഎം കാർഡ് ഉടമയായ വന്ദനയല്ല എടിഎം ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ കേസിന്റെ ഗതിമാറി.

വിവരാവകാശ നിയമപ്രകാരം സംഭവം നടന്ന ദിവസത്തിലെ എടിഎം കൗണ്ടറിൽ നിന്നുള്ള ക്യാഷ് വെരിഫിക്കേഷൻ റിപ്പോർട്ടും വന്ദന സ്വന്തമാക്കിയിരുന്നു. അന്നേദിവസം മെഷീനിൽ 25000 രൂപ അധികമാണെന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം എസ്ബിഐ തള്ളി. കാർഡ് ഉടമയായ വന്ദനയല്ല എടിഎം ഉപയോഗിച്ചതെന്നും, വളരെ രഹസ്യമായി സൂക്ഷിക്കേണ്ട എടിഎം പിൻ മറ്റൊരാൾക്ക് കൈമാറിയത് ബാങ്ക് നിയമനങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വന്ദനയുടെ വാദങ്ങളെ എസ്ബിഐ പ്രതിരോധിച്ചത്.

എടിഎം നമ്പർ, ചെക്ക് ബുക്ക് തുടങ്ങിയ രേഖകളും സൗകര്യങ്ങളും അക്കൗണ്ട് ഉടമയല്ലാതെ മറ്റാരും ഉപയോഗിക്കരുതെന്നാണ് ബാങ്ക് നിയമം. എടിഎം പിൻ നമ്പർ രണ്ടാമതൊരു വ്യക്തിയുമായി പങ്കുവെയ്ക്കാനും പാടില്ല. വന്ദനയുടെ കേസിൽ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും, ഭർത്താവിന് പിൻ നമ്പറും എടിഎം കാർഡും നൽകിയെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എടിഎം മെഷീനിൽ കൃത്യമായി ഇടപാട് നടന്നതായുള്ള റിപ്പോർട്ടും ബാങ്ക് അധിക‍ൃതർ കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കേസ് തള്ളുന്നതായി കോടതി വ്യക്തമാക്കിയത്. ഭർത്താവിന് എടിഎം കാർഡ് ഉപയോഗിക്കാൻ നൽകുന്നതിന് മുൻപ് സെൽഫ് ചെക്കോ, പണം പിൻവലിക്കാനുള്ള അനുമതി പത്രമോ നൽകേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്തായാലും പരാതിക്കാരിയെ കോടതി കയറ്റി കേസ് വിജയിക്കുന്നതിന് എസ്ബിഐക്ക് സാധിച്ചു. ആ 25000 രൂപ എസ്ബിഐയുടെ കീശയിലുമായി. പരാതിക്കാരിയുടെ കാര്യം ഗോവിന്ദ ! ഭര്‍ത്താവിന്റെ കൈയില്‍ പണമെടുക്കാന്‍ എടിഎം കാര്‍ഡ് കൊടുത്തവിട്ട വന്ദനനക്ക് എസ്ബിഐക്ക് ഇങ്ങനെയും കാശ് സ്വന്തമാക്കാനറിയാമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചുകാണില്ല.

Top