മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; കേന്ദ്രത്തിനും, യുപിസര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്

ദില്ലി:ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, യുപി സര്‍ക്കാര്‍, യുപി പോലീസ് എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും മുന്‍പ് മറുപടി നല്‍കണം. ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ കഴിഞ്ഞ ഒക്ടോബറിലാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെതിരെ രാജ്യദ്രോഹം യു എ പിഎ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. ഈ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

എഫ് ഐ ആറില്‍ ഒരു കുറ്റവും ആരോപിക്കപ്പെടാതെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ദിവസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും പത്ര പ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാര്‍, യുപി സര്‍ക്കാര്‍, യുപി ഡി ജി പി എന്നിവര്‍ വെള്ളിയാഴ്ച്ച കേസ് പരിഗണിക്കും മുന്‍പായി മറുപടി നല്‍കണം.ഹൈക്കോടതിയെ സമീപിക്കാഞ്ഞതിലും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഭേദഗതി ചെയ്യാത്തത്തിലും കോടതി വ്യക്തത തേടി. സിദ്ധിഖ് കാപ്പനെ കാണാന്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഭേദഗതി ചെയ്യാനോ ഹൈക്കോടതിയെ സമീപിക്കാനോ സാധികാഞ്ഞതെന്ന് കപില്‍ സിബല്‍ മറുപടി നല്‍കി. സിദ്ധിഖിനെ കാണാന്‍ ജയില്‍ അധികൃതര്‍ വക്കീലിനെ അനുവദിക്കുന്നില്ല.

Loading...

അനുമതി തേടി കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം പരിഗണിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിന്റെ മെറിറ്റിലേക്ക് പോകാന്‍ ഉദേശിക്കുന്നില്ലെന്ന് വാദം കേള്‍ക്കവെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. 32ആം അനുച്ഛേദ പ്രകാരമുള്ള ഹര്‍ജികള്‍ അനുവദിക്കാന്‍ കോടതി താത്പര്യപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ കേസ് ആണെന്നും അസാധാരണമായി പരിഗണിക്കണമെന്നായിരുന്നു പരമാര്‍ശത്തോടുള്ള സിബലിന്റെ പ്രതികരണം. സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേരുടെ ജാമ്യാപേക്ഷ മധുര കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.