ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ പുറത്തുള്ള ഏജന്‍സിയെ ഏല്പിക്കുമെന്നും കോടതി. നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചു. ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് പ്രകടമാക്കിയുള്ള സുപ്രീംകോടതി പരാമര്‍ശം. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയത് തബ്ലീഗ് ജമാഅത്തെ സമ്മേളനമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിര്‍ണായകമായ സുപ്രീംകോടതി പരമാര്‍ശം.
തബ്ലീഗ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമായിരുന്നില്ല. സഭവത്തില്‍ കേബിള്‍ ടി വി ആക്ട് പ്രകാരമുള്ള നടപടി പോലും വിശദീകരിക്കാതെയായിരുന്നു കേന്ദ്ര സത്യവാങ്മൂലം. തുടര്‍ന്നാണ് വിദ്വേഷപരവും വ്യാജവുമായ വാര്‍ത്തകള്‍ പരിശോധിക്കാന്‍ സംവിധാനമില്ലേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞത്.സംവിധാനം ഉണ്ടായിരുന്നെങ്കില്‍ തബ്ലീഗ് കേസില്‍ ഉണ്ടായത് പോലുള്ള വിദ്വേഷ പ്രചരണങ്ങളില്‍ ഇടപെടാന്‍ കഴിയുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. കേബിള്‍ ടി വി ആക്ട് പ്രകാരം സംപ്രേഷണം തടയാന്‍ സാധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി.
എന്നാല്‍ കോടതി തൃപ്തരായില്ല. കേന്ദ്ര സത്യവാങ്മൂലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനത്തിന്റെ കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേന്ദ്രത്തിന് സംവിധാനം ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടാക്കൂയെന്ന് നിര്‍ദേശം നല്‍കിയത്. കേന്ദ്രത്തിന് അധികാരമുണ്ടെന്നിരിക്കെ എന്‍ ബി എസ് എ പോലുള്ള സ്വകാര്യ ഏജന്‍സികളെ എന്തിന് ചുമതല ഏല്‍പ്പിക്കണം. സര്‍ക്കാര്‍ സംവിധാനം ഇല്ലെങ്കില്‍ പുറത്തുള്ള ഏജന്‍സികളെ ഏല്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കോടതി വ്യക്തമാക്കി. മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടി. വിഷയത്തില്‍ മൂന്നാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.