അതിഥി തൊഴിലാളികള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കണമെന്ന് സുപ്രീംകോടതി,യാത്രാ ചിലവ് സംസ്ഥാനങ്ങള്‍ വിഭജിക്കണം

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. യാത്രാ ചെലവ് സംസ്ഥാനങ്ങള്‍ വിഭജിച്ച് വഹിക്കണം. ടിക്കറ്റ് ചാര്‍ജിന്റെ ബാധ്യത കേന്ദ്രത്തിനില്ല. യാത്ര ആരംഭിക്കുന്ന സംസ്ഥാനവും റെയില്‍വേയും വെള്ളവും ഭക്ഷണവും നല്‍കണം. മടങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യണം. അതിഥി തൊഴിലാളി വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സംവിധാനം ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് കോടതി കുറ്റപ്പെടുത്തി. 70,137 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേരളം അറിയിച്ചു.

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആര് വഹിക്കുമെന്നതിലെ ആശയകുഴപ്പങ്ങള്‍ തുടരവെയാണ് സുപ്രീംകോടതി ഇടപെടല്‍. തൊഴിലാളികളുടെ ബസ് ട്രയിന്‍ യാത്രകള്‍ സൗജന്യമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ചെലവ് യാത്ര പുറപ്പെടുന്ന സംസ്ഥാനവും എത്തിച്ചേരുന്ന സംസ്ഥാനവും വിഭജിച്ച് വഹിക്കണമെന്ന് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ടിക്കറ്റ് ചാര്‍ജ് വഹിക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ ഒഴിവാക്കിയാണ് ഇടക്കാല ഉത്തരവ്.

Loading...

ട്രയിനുകളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനുള്ള ഉത്തരവാദിത്വം യാത്ര പുറപ്പെടുന്ന സംസ്ഥാനത്തിനും റെയില്‍വേയ്ക്കുമാണ്. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കണം. ഇത് വിതരണം ചെയ്യുന്ന സ്ഥലം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തണം. രജിസ്ട്രേഷന്‍ സംസ്ഥാനങ്ങള്‍ വേഗത്തിലാക്കണം. നടന്ന് പോകുന്നവരെ ഉടന്‍ അഭയ കേന്ദ്രങ്ങളിലാക്കി ഭക്ഷണം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം വ്യക്തമാക്കി ജൂണ്‍ അഞ്ചിനകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാകാനാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു കേന്ദ്രം.

സ്വദേശത്തേക്ക് മടങ്ങാന്‍ താല്പര്യമുള്ളവരെ എത്ര ദിവസം കൊണ്ട് നാട്ടില്‍ എത്തിക്കുമെന്നതില്‍ ഉത്തരമുണ്ടായില്ല. യാത്രക്കൂലി വഹിക്കുന്നതിലെ സര്‍ക്കാര്‍ വിശദീകരണത്തില്‍ അവ്യക്തത ഉന്ന് കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടി വന്നു. പല വിഷയങ്ങളിലും കേന്ദ്രത്തിന്റെ മറുപടി തൃപ്തികരമല്ലാഞ്ഞതോടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന് സംവിധാനം ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം 55 തീവണ്ടികളിലായി 70,137 അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് അയച്ചതായി കേരളം കോടതിയെ അറിയിച്ചു. ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായി നല്‍കിക്കൊണ്ട് 4,34,280 തൊഴിലാളികള്‍ക്ക് താമസം ഒരുക്കിയയെന്നും കേരളം റിപ്പോര്‍ട്ട് നല്‍കി.