ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുള്ള പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി തള്ളി

ദില്ലി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയംപ്രഖ്യാപിക്കണമെന്നുള്ള പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി തള്ളി. വായ്പ മൊറട്ടോറിയം അടക്കം ആശ്വാസ നടപടികൾ കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി.കൊവിഡ് രണ്ടാം തരംഗവും, ലോക്ക്ഡൗണും കണക്കിലെടുത്ത് വായ്പ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി തള്ളി. നയപരമായ വിഷയമായതിനാൽ കോടതിക്ക് നിർദേശം നൽകാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്നും സുപ്രീംകോടതി പറഞ്ഞു.ആറ് മാസത്തേക്കോ, കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നത് വരെയോ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പൗരന്മാർക്കെതിരെ നടപടി പാടില്ലെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇതേ ആവശ്യത്തിൽ മൊറോട്ടോറിയം പ്രഖ്യാപിക്കൽ കേന്ദ്രസർക്കാരിന്റെ നയപരമായ വിഷയമെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഹർജി തള്ളുകയും ചെയ്തിരുന്നു. എന്നാൽ മൊറട്ടോറിയം കാലയളവിൽ വായ്പക്കാരനിൽ നിന്ന് ബാങ്കുകൾ കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് അന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Loading...