പത്മനാഭസ്വാമി ക്ഷേത്രഭരണത്തിന്റെ അവകാശം രാജകുടുംബത്തിന്; സുപ്രീംകോടതി

ദില്ലി:പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആചാര കാര്യങ്ങളില്‍ മുന്‍ രാജ കുടുംബത്തിന്റെ അവകാശം അംഗീകരിച്ച് സുപ്രീംകോടതി. ക്ഷേത്ര ഭരണത്തിന് പുതിയ സമിതി ഉണ്ടാക്കും. സമിതിയുടെ ഘടന സംബന്ധിച്ച് വിധി പകര്‍പ്പില്‍ വ്യക്തത വരും. ഈ സമിതിക്ക് ബി നിലവറ തുറക്കുന്നതില്‍ തീരുമാനം എടുക്കാം. പുതിയ സമിതി വരും വരെ ജില്ലാ ജഡ്ജി അധ്യക്ഷനായ താല്ക്കാലിക സമിതിക്ക് ഭരണ നിര്‍വഹണ ചുമതല. വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്തു.1991ല്‍ ശ്രീ ചിത്തിര തിരുനാള്‍ രാമ വര്‍മയുടെ മരണത്തോടെ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള ആചാര അവകാശം ഇല്ലാതായെന്നായിരുന്നു ഹൈക്കോടതി വിധി.

ഇത് അടിസ്ഥാനമാക്കി പുതിയ ഭരണ സമിതി വേണമെന്നും കോടതി നിലപാട് എടുത്തു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. കവനന്റില്‍ ഒപ്പുവച്ച ശ്രീ ചിത്തിര തിരുനാളിന്റെ മരണത്തോടെ മുന്‍ രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാവുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചു. കവനന്റില്‍ ഒപ്പുവച്ച ഭരണാധികാരി മരിച്ചാല്‍ ഭരണഘടനയിലെ 26ആം ഭേദഗതി നിലനില്‍ക്കെയും ഈ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നില്ല, കോടതി പറഞ്ഞു. ക്ഷേത്ര ഭരണത്തിന് സ്ഥിരം സംവിധാനമെന്ന നിലയില്‍ പുതിയ സമിതി വരും.മുന്‍ രാജ കുടുംബത്തിന്റെ കൂടി ശുപാര്‍ശ പരിഗണിച്ചുള്ള സമിതിക്കാണ് രൂപം നല്‍കിയത്. കോടതി വിധി വായിച്ചപ്പോള്‍ ഇതിന്റെ ഘടന പ്രതിപാദിച്ചിരുന്നില്ല.

Loading...

വിധി പകര്‍പ്പ് വരുമ്പോഴേ വ്യക്തത വരികയുളൂ. സമിതിയിലെ അംഗങ്ങള്‍ ഹിന്ദുക്കള്‍ ആയിരിക്കും. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സമിതിക്ക് വിടുകയാണ് കോടതി ചെയ്തത്. പുതിയ സമിതി ഭരണം ഏറ്റെടുക്കും വരെ ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലെ സമിതി ഭരണ നിര്‍വഹണം തുടരാന്‍ വിധിയില്‍ കോടതി നിര്‍ദേശിക്കുന്നു. ജസ്റ്റിസ്മാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് വിധി. വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ വേണ്ടി നടപടികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.