രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പിടിച്ചുലക്കിയ സംഭവമായിരുന്നു യുവതിയുടെ ലൈംഗികാരോപണം.ഇപ്പോള്‍ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം നല്‍കിയിരിക്കുകയാണ്. അതേസമയം ജോലിയില്‍ പ്രവേശിച്ച യുവതി വീണ്ടും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒപ്പം യുവതിക്ക് ജോലി നഷ്ടപ്പെട്ട കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനും തീരുമാനമായിട്ടുണ്ട്.

2014 മേയിലാണ് പരാതിക്കാരി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരെ പിന്നീട് ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഓഫീസിൽ നിയമിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് ശേഷം തന്നെ സ്ഥലം മാററിയെന്നും തുടർന്ന് സർവീസിൽ നിന്നും പുറത്താക്കിയെന്നും യുവതി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 22 ജഡ്ജിമാർക്ക് ഇവർ പരാതി നൽകിയിരുന്നു

Loading...

തുടർന്ന് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി പരാതി പരിശോധിക്കുകയും ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവരടങ്ങുന്ന കമ്മീഷനാണ് പരാതി പരിശോധിച്ചത്. അതേ സമയം അന്വേഷണ റിപ്പോർട്ടിലെ പരാതിക്കാരി തള്ളിക്കളഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്ന് തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടുകയാണെന്നും ദില്ലി പോലീസിൽ ജോലി ചെയ്തിരുന്ന ഭർത്താവിനേയും സഹോദരനെയും സസ്പപെൻഡ് ചെയ്തെന്നും യുവതി ആരോപിച്ചിരുന്നു. ഇതിന് ശേഷം ഇവരെ ജോലിയിൽ തിരിച്ചെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം കോടതിയിൽ ജോലി വാങ്ങിത്തരാമെന്ന് വാദ്ഗാനം ചെയ്ത പണം തട്ടിയെന്ന കേസിൽ ഈ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.