കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും, സ്‌കൂളിന്റെ അനാസ്ഥ

പാലും പഴവും നല്‍കേണ്ട സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ചപ്പാത്തിയും ഉപ്പും. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മിര്‍സാപുര്‍ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്ക് നല്‍കുന്ന പോഷകസമൃദ്ധമായ ഭക്ഷണം ഇങ്ങനെ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.

സംഭവത്തില്‍ സ്‌കൂള്‍ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയത്. സ്‌കൂള്‍ വരാന്തയില്‍ നിരന്നിരിക്കുന്ന കുട്ടികള്‍ യാതൊരു കറികളും ഇല്ലാതെ ചപ്പാത്തി മുറിച്ച് ഉപ്പില്‍ മുക്കി കഴിക്കുന്നത് ദൃശ്യത്തില്‍ കാണാം. ചില ദിവസങ്ങളില്‍ ചോറും ഉപ്പും മാത്രമാണു നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Loading...

രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിയാണ് ഇത്തരത്തില്‍ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കണം. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസവമെങ്കിലും ആഹാരം നല്‍കുകയും വേണം.

ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്സൈറ്റിലെ വിവരമനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. . ചില ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണം. എന്നാല്‍, ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കാറില്ല. വല്ലപ്പോഴും പാല്‍ എത്തുന്നുണ്ട്. എന്നാല്‍, അത് കുട്ടികള്‍ക്ക് നല്‍കാറില്ല.