പെന്‍സില്‍ മോഷ്ടിച്ച കുറ്റത്തിന് പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു

ബാരബങ്കി: നിസ്സാരമായ ഒരു പെന്‍സിലിനുവേണ്ടി ഒരു കുട്ടിയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശരീരികമായി പീഡിപ്പിച്ച് രക്തം ഛര്‍ദിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ പെന്‍സില്‍ മോഷ്ടിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ തല്ലിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. റെയ്‌ലാമു പ്രദേശത്തെ ദ്വാരിക പ്രസാദ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഏഴ് വയസ്സുകാരനാണ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലളിത് കുമാര്‍ വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ രണ്ട് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മൂന്നാം ക്ലാസ്സില്‍ മറ്റ് കുട്ടികളോടൊപ്പം ഇരിക്കാന്‍ അനുവദിച്ചിരുന്നു. പിന്നീട് ക്ലാസ്സിലെ മറ്റ് കുട്ടികള്‍ തങ്ങളുടെ പെന്‍സിലും റബറും കാണാതായെന്ന് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെന്‍സിലും റബറും പുതുതായി പ്രവേശനം നേടിയ കുട്ടികളില്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ദേഷ്യം പിടിച്ച പ്രിന്‍സിപ്പല്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

Loading...

വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടി വയറുവേദനയെന്ന് പരാതിപ്പെടുകയും രക്തം ഛര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.