ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടവാതൂരിലെ സ്വകാര്യ വിദ്യാലയത്തിലെ രോഹിത് വിനോദ് (11) എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടര്‍ ഭാ​ഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നു. കുട്ടിയുടെ തലയില്‍ 6 സ്റ്റിച്ചുകളുണ്ട്. തലയില്‍ ഭാരം വീണതിനാല്‍ സിടി സ്കാന്‍ പരിശോധനയും നടത്തിയിരുന്നു.

Loading...

രോഹിത്തിന്റെ അടുത്തിരുന്നിരുന്ന കുട്ടി ഫാന്‍ വീഴുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയുടെ അടുത്തേക്കു പോയതിനാലാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്നം മൂലം താഴെ വീണതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.

വിദ്യാര്‍ഥിക്കൊപ്പം അധ്യാപകരും ആശുപത്രിയില്‍ പോ‌യിരുന്നെന്നും കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവര്‍ മടങ്ങിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചു. പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി വിനോദിന്റെ മകനാണ് രോഹിത്.