ഡോ.എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാൻ; പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളി

ബെംഗളൂരു: മലയാളിയായ ഡോ. എസ് സോമനാഥിനെ ഐഎസ്ആർഒയുടെ ചെയർമാൻ ആയി തെരഞ്ഞെടുത്തു. നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയാണ് സോമനാഥ് .നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും ഇദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ തുറവൂരാണ് ഡോ.എസ് സോമനാഥിന്റെ സ്വദേശം. ഐഎസ്ആർഒ ചെയർമാനായിരുന്ന ഡോ.കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്.

കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രഞ്ജരെയാണ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാൻ കാരണം. എംജികെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവരാണ് നേരത്തെ ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തിയ മലയാളികൾ.

Loading...