ആന്ധ്രാപ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ള റിസര്‍വോയര്‍ അണക്കെട്ടിന് വിള്ളലുകള്‍; പ്രദേശവാസികളോട് ഒഴിയാന്‍ നിര്‍ദേശം

തിരുപതി: ആന്ധ്രാപ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ള റിസര്‍വോയര്‍ അണക്കെട്ടിന് വിള്ളലുകള്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.

ഇതെതുടര്‍ന്ന്‍ 14 ഗ്രാമങ്ങളിലെ ജനങ്ങളോട് ഉടന്‍ ഒഴിയാന്‍ ചിറ്റൂര്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ബണ്ട് ഏതു നിമിഷവും തകരാമെന്നും ആരും തന്നെ ഗ്രാമത്തില്‍ നില്‍ക്കരുതെന്നും ഗ്രാമത്തിലെ ഓരോ വീടുകളിലും കയറി ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.

Loading...

ജലസംഭരണിയില്‍ നിലവില്‍ ചെറിയൊരു വിള്ളലാണുള്ളതെന്നും എങ്കിലും അപകട സാദ്ധ്യത മുന്‍കൂട്ടികണ്ട് ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് ജലസംഭരണിയിലെ വിള്ളല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കനത്ത മഴയും അതുമൂലമുള്ള പ്രളയവും അനുഭവപ്പെടുന്ന തിരുപ്പതിയില്‍ ജലസംഭരണിയുടെ തകര്‍ച്ച ഊഹിക്കാന്‍ പോലും സാധിക്കാത്ത കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.