മുന്നീന്ന് മാറെടാ, ‘എനിക്ക് ജോലിക്ക് പോകണം, പ്രതിഷേധക്കാരോട് കയർത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരി

തിരുവനന്തപുരം : യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ പ്രതിഷേധക്കാരോട് കയർത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരി സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെ ഇന്ന് രാവിലെ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തിയിരുന്നു. ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം പ്രതിഷേധക്കാർ വളഞ്ഞു. ജീവനക്കാരെ ഇവർ അകത്തു കയറ്റാതെ തടഞ്ഞു.

ഇതോടെ ജോലിക്കെത്തിയ ജീവനക്കാരി പ്രതിഷേധക്കാരോടു കയർക്കുന്നതും എന്തുവന്നാലും ജോലിക്കുകയറുമെന്നും പറയുന്നുണ്ട്. വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രതിഷേധക്കാരുടെയും ജീവനക്കാരിയുടെയും ഇടയിൽ നിന്ന് രംഗം വഷളാകാതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു.

Loading...

‘‘എനിക്ക് ജോലി ചെയ്യണം. എന്റെ ജോലി തടസ്സപ്പെടുത്താൻ പാടില്ല. ഒരു തടസ്സവും ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. പറ്റില്ല. നിങ്ങൾക്ക് സമരം ചെയ്യാം. പക്ഷേ, എനിക്ക് ജോലിക്കു പോകണം’’ – അവർ പറഞ്ഞു. ഞാൻ പോകുമെന്നു അവർ പറയുമ്പോൾ പോകില്ലെന്ന് പ്രതിഷേധക്കാരും തിരിച്ചു പറയുന്നു. മാറി നിൽക്ക് എന്നവർ പറയുമ്പോൾ ഇല്ല എന്നും പ്രതിഷേധക്കാർ തിരിച്ച് ആക്രോശിക്കുന്നു. പ്രതിഷേധങ്ങൾ നടക്കുമ്പോൾ ജീവനക്കാർ വലയുന്നതിന്റെ നേർക്കാഴ്ചകൂടിയാണ് അവിടെ കണ്ടത്.

അതേസമയം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെ സെക്രട്ടറിയേറ്റ് വളഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തില്‍ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. അതേസമയം ബിജെപിയും പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷിക ദിനത്തില്‍ ശക്തമായ സമരവുമായി രംഗത്തുണ്ട്.

പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ബിജെപിയുടെ രാപ്പകല്‍ സമരം. സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളും ഗതാഗതം തടസ്സപ്പെട്ടു. സമരക്കാരും പോലീസും തമ്മില്‍ റോഡിന്റെ പലഭാഗത്തും വാക്കേറ്റം ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായിട്ടാണ് പ്രതിപക്ഷം ആചരിക്കുന്നത്. അതേസമയം സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.