എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം;മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍:കണ്ണൂര്‍ കണ്ണവത്ത് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനവും കണ്ടെടുത്തു.അതെ സമയം കൊലപാതകത്തിന് പിന്നാലെ അക്രമ സംഭവങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.ഗൂഢാലോചന നടത്തി അസൂത്രിതമായാണ് സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍.കൊലപാതകികള്‍ക്ക് സഹായം നല്‍കിയെന്ന് കരുതുന്ന മൂന്നു ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കണ്ണവം പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.കൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞു.കൊലപാതകികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു.

സംഭവം നടന്നതിന് 80 മീറ്റര്‍ അകലെ അക്രമി സംഘം തമ്പടിച്ച് മദ്യപിച്ചിരുന്നു എന്നതിന് തെളിവുകളും പൊലീസിന് ലഭിച്ചു. വാടകയ്ക്ക് എടുത്ത കാറാണ് നമ്പൂതിരി പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.കോളയാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍.പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.അതേ സമയം സലാഹുദ്ദീന്റെ കൊലപാതത്തിന് പിന്നാലെ കണ്ണൂരില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി.തില്ലങ്കേരി പടിക്കച്ചാലില്‍ എസ് ഡി പി ഐ പ്രകടനത്തിന് നേരെ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു.ശിവപുരത്ത് ആര്‍ എസ് എസ് ഓഫീസിന് നേരെയും ബോംബേറുണ്ടായി.അതേ സമയം മരിച്ച സലാഹുദീന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് അയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍,പൊലീസുകാര്‍ തുടങ്ങിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

Loading...