ജീവിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ വക ആണ്ടു ബലി ; സെബാസ്റ്റ്യന്‍ പോളിനും ജയശങ്കറിനും വേണ്ടി ബലിയിട്ടു

തിരുവനന്തപുരം : അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജീവിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ ആണ്ടുബലി. തിരുവനന്തപുരത്താണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ആണ്ടുബലി ചടങ്ങായി നടത്തിയത്.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചിയിലുണ്ടായ സംഘര്‍ഷം പിന്നീട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ് അനുവദിക്കാത്ത സാഹചര്യമുണ്ടായി.

ഇതു സംബന്ധിച്ച കേസും നിയമ നടപടികളും തുടരുന്നതിനിടെയാണ് അഭിഭാഷകര്‍ സംഘര്‍ഷത്തിന്റെ ഒന്നാം വാര്‍ഷികാചരണം നടത്തിയത്. ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷം തിരുവനന്തപുരത്ത വഞ്ചിയൂര്‍ കോടതിയില്‍ ആക്രമണത്തിലേക്കെത്തിയിരുന്നു. ഇവിടെയാണ് വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു ബലിയിട്ടത്.

മാധ്യമ ആഭാസത്തിന്റെ ആണ്ടുബലി എന്ന ബാനര്‍ വച്ചായിരുന്നു ചടങ്ങുകള്‍. സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരെ പേരുവിളിച്ചുകൊണ്ടാണ് ബലിയിടല്‍ ചടങ്ങു നടത്തിയത്. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പക്ഷത്തുനിന്ന അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ജയശങ്കര്‍ തുടങ്ങിയവരുടെ പേരുകളും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഹിന്ദു ബലിയിടല്‍ ചടങ്ങിലേതിനു സമാനമായി പരിപാടി സംഘടിപ്പിച്ച അഭിഭാഷകര്‍ പത്രങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയും ഇതിന്റെ ചാരം കുടത്തിലാക്കി തൊട്ടടുത്ത അഴുക്കുചാലില്‍ ഒഴുക്കുകയും ചെയ്തു.