ചൈനയില്‍ കൊലയാളി വൈറസിന്റെ രണ്ടാം വരവോ; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ബീജിങ്: വല്ലാത്തൊരു കെട്ടകാലത്തിലൂടെയാണ് ഇപ്പോള്‍ ലോകം കടന്നുപോകുന്നത്. കൊലയാളി വൈറസിന്റെ പിടിയില്‍ അമര്‍ന്ന് ലോകരാഷ്ട്രങ്ങളെല്ലാം തന്നെ പകച്ചു നില്‍ക്കുകയാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ഒരു വിധത്തില്‍ അവരുടെ ജീവിതം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചതിന്റെയും ലോകത്തിന്റെ കുറ്റപ്പെടുത്തലുകള്‍ക്കും കൊണ്ടും ചൈനയ്ക്ക് ഏറ്റ മുറിവുകള്‍ കുറച്ചൊന്നുമല്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിതം തിരിച്ചുപിടിക്കുക എന്നത് വലിയൊരു പോരാട്ടം തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തിരിച്ചുപിടിച്ച ഇവരുടെ ജീവിതത്തില്‍ വീണ്ടും വില്ലനായി വൈറസ് വരുമോ എന്ന ആശങ്കയിലാണ് രാജ്യം ഉള്ളത്. ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.ഷാങ്ഹായിലെ കോവിഡ്-19 ക്ലിനിക്കൽ വിദഗ്ധനായ ഴാങ് വെനോങ് ആണ് മുന്നറിയിയിപ്പുമായി രംഗത്ത് വന്നത്.’ഒക്ടോബർ മാസത്തിനുള്ളിൽ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കിൽ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നൽകുന്നത്.

Loading...

രോഗവ്യാപനം തടയുന്നതിനുള്ള ചൈനയുടെ അനുഭവ പരിചയം കൊണ്ട് രോഗവ്യാപനം വീണ്ടും ഉണ്ടായാൽ അതിനെ നേരിടാനാകുമെന്ന് വ്യക്തമാണ്.’ എന്നാൽ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് സ്വീകരിച്ചതരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കുന്നതിനായി ചൈനീസ് അധികൃതർ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഴാങ് വെനോങ് വൈറസിന്റെ രണ്ടാം തരംഗം പ്രവചിച്ചിരിക്കുന്നത്.

ചൈനീസ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 82,341 പേർക്കാണ് കോവിഡ്-19 ബാധിച്ചത്. അവരിൽ 3,342 പേർ മരിച്ചു.വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനിൽ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരിൽ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ വിവിധ രാജ്യങ്ങൾ സമ്പദ്വ്യവസ്ഥയെ ഉണർത്താനായി നിയന്ത്രണങ്ങളിൽ ചില സമയങ്ങളിൽ ഇളവ് വരുത്താറുണ്ട്. ഇത്തരം നടപടികൾ കൊണ്ട് രോഗവ്യാപനത്തിനെ തടയാൻ സാധിക്കില്ലെന്നാണ് ഴാങ് പറയുന്നത്.