സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു: കൊവിഡ് ബാധിച്ച ജീവനക്കാരി ഇന്നും ജോലിക്കെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലാബ് ടെക്‌നീഷ്യയായ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ വര്‍ക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം വര്‍ക്കലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്യൂട്ടി ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്രട്ടേറിയറ്റിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ലാബിലെ ടെക്‌നീഷ്യക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Loading...

നേരത്തെ പൊലീസ് ആസ്ഥാനത്ത ഒരു ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സേനാംഗങ്ങൾ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി കർശമനമാക്കിയത്. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളിൽ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സർക്കുലറിലുണ്ട്.