പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാവീഴ്ച; സർക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വലിയ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡിൽ പ്രതിഷേധക്കാർ തടസമുണ്ടാക്കി. ഫ്ലൈ ഓവറിൽ 15 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുകയാണ്.പ്രോട്ടോക്കോൾ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ആവശ്യമായ നടപടികൾ പഞ്ചാബ് സർക്കാർ സ്വീകരിച്ചിട്ടില്ലായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്ന ആരോപണം. പഞ്ചാബ് സർക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാൻ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.

പഞ്ചാബ് സർക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര മന്ത്രാലയം ഉയർത്തിയിരിക്കുന്നത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ച. കനത്ത മഴ മൂലം ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് കാറിൽ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയിൽ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാൻ തീരുമാനിച്ചത്.സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ബതിന്ദ വിമാനത്താവളത്തിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി.

Loading...