കൊച്ചി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് എറണാകുളത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടി സ്ഥലം വിട്ടു കൊടുക്കില്ല. ഭൂമി ഏറ്റെടുക്കാൻ സർക്കാരിനും ഡി.എം ആർ.സിക്കും കഴിയുന്നില്ല. ഇതിന്റെ ഉടമ ബീനാകണ്ണന്റെ തിട്ടൂരത്തിനൊത്ത് തുള്ളുകയാണ് സർക്കാരും ചില ഉദ്ദ്യോഗസ്ഥരും. നൂറുകണക്കിനു പാവപ്പെട്ടവരെ ബലമായി ഒഴിപ്പിച്ചപ്പോഴാണ് കഞ്ഞികുടിക്കാൻ ഒരു ഗതിയുമില്ലാതെ കച്ചവടം നടത്തുന്ന ശീമാട്ടിയോട് സർക്കാർ അലിവ് കാണിക്കുന്നത്.

ഇത് സംബന്ധിച്ച് കെ.എം.ആർ.എല്ലും ജില്ലാഭരണകൂടവും നടത്തിയ നിരവധി ചർച്ചകൾ പരാജയപ്പെട്ടു. കർശനമായ നടപടികളിലൂടെ സ്ഥലം പിടിച്ചെടുക്കാൻ ഇന്ന് ചെന്നൈയിൽ ചേർന്ന കെ.എം.ആർ.എൽ ഡയരക്ടർ ബോർഡ് യോഗം നിർദ്ദേശിച്ചു.
സ്ഥലം വിട്ടുകൊടുക്കാനുള്ള അന്തിമ സമയം ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു. ഇതേത്തുടർന്ന് ഉന്നതങ്ങളിൽ നിന്നുള്ള സ്വാധീനം മൂലം 48 മണിക്കൂർ കൂടി ജില്ലാ കളക്ടർ അനുവദിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ച പാടില്ലെന്നാണ് കെ.എം.ആർ.എൽ ഡയറക്ടർ ബോർഡിന്റെ നിർദ്ദേശം.
ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റർ സ്ഥലത്ത് ഇവിടെ മാത്രമാണ് ഇനി സ്ഥലം വിട്ടുകിട്ടാനുള്ളത്. പലയിടങ്ങളിലും സ്ഥലം ബലമായി പിടിച്ചെടുത്തപ്പോഴും ശീമാട്ടി സിൽക്‌സിന്റെ സ്ഥലം മാത്രം ആരും തൊട്ടില്ല. ബാനർജി റോഡിൽ ഗാന്ധിഭവൻ വരേയും എം.ജി. റോഡിന്റെ തുടക്കത്തിലും മെട്രോയുടെ തൂണുകൾ പാർത്തിയായിക്കഴിഞ്ഞു. ശീമാട്ടി വിട്ടുനൽകേണ്ട 32 സെന്റിൽ മാത്രം തൂണുകളില്ല. ഇവിടെ യാതൊരു നിർമ്മാണ പ്രവർത്തനവും ഇനിയും തുടങ്ങാനായിട്ടില്ല. ഈ സ്ഥലം കഴിഞ്ഞ വർഷം ഡിസംബർ 29ന് പിടിച്ചെടുക്കാൻ ജില്ലാ കളക്ടർക്ക് കെ.എം.ആർ.എൽ നിർദ്ദേശം നൽകിയിരുന്നു. പക്ഷേ നടപടികൾ ഒന്നുമുണ്ടായില്ല. ഇതിനിടെ പല തവണ നോട്ടീസ് നൽകിയെങ്കിലും ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ വഴങ്ങിയില്ല. സ്ഥലം പിടിച്ചെടുക്കാനുള്ള ധൈര്യം ജില്ലാഭരണകൂടം കാണിച്ചതുമില്ല. ശീമാട്ടിയുടെ സ്ഥലം ഉടൻ ലഭിച്ചില്ലെങ്കിൽ മെട്രോ നിർമ്മാണം സമയബന്ധിതാമായി തീർക്കാനാകില്ലെന്ന് ഇന്ന് നടന്ന യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി.