സെൻകുമാറിനു പണികൊടുത്തത് ചീഫ് സെക്രട്ടറി തന്നെ, പകവീട്ടൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ ചെയ്ത്തിനു മറുപണികൊടുത്തത് പിണറായിയുടെ ചെവി തുരന്ന്

തിരുവനന്തപുരം: എത്ര മൂടി വച്ചാലും സത്യം മറ നീക്കി പുറത്തുവരും. സെൻകുമാർ വിഷയത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി വന്നിട്ടും അത് പോലും നടപ്പാക്കാതെ സെൻകുമാറിനെ പെരുവഴിയിൽ നിർത്തുന്നതിനു മാധ്യമങ്ങൾ പിണറായി വിജയന്‍റെ മേൽ കുതി കയറുമ്പോൾ ഒന്നുമറിയാത്തതു പോലെ ഒരാൾ പിന്നണിയിൽ വിശ്രമിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോ. സെൻകുമാറും നിളിനി നെറ്റോയും തമ്മിലുള്ള ശത്രൂത ഉദ്യോഗസ്ഥർക്കിടയിലെ അങ്ങാടിപ്പാട്ടാണ്. ഇതിന്‍റെ ബാക്കി പത്രമായിരുന്നു സെൻകുമാറിന്‍റെ പുറത്താക്കൽ.ഇവർ തമ്മിലുള്ള കുടിപ്പക ഒന്നും അറിയാത്ത നളിനി നെറ്റോ അധികാരം ഏറ്റയുടൻ പിണറായിയെ കുഴിയിൽ ചാടിക്കുകയായിരുന്നു. സെൻ കുമാർ ഡി.ജി.പി ആയിരുന്നാൽ ചീഫ് സിക്രട്ടറി നളിനി നെറ്റോക്ക് പലതിനും തടസമുണ്ടാകും.

കേരളം ഭരിക്കുന്നത് ഇപ്പോൾ നളിനി നെറ്റോയാണ്‌. അവർ എന്തൊക്കെ ചെയ്യുന്നു എന്ന് പോലും ആർക്കും അറിയില്ല.മുഖ്യമന്ത്രിയുടെ ഭരണ പരിചയകുറവ്‌  ശരിക്കും മുതലാക്കി സംസ്ഥാനത്തേ നിർണ്ണായകമായ പല തീരുമാനങ്ങളും നളിനി നെറ്റോയാണ്‌ എടുക്കുന്നത്. ഫലത്തിൽ നളിനിക്ക് മീതേ ഇപ്പോൾ ആരുമില്ല. ഉണ്ടായിരുന്ന ഒരു തലയായിരുന്നു സെൻ കുമാറിനേ മാറ്റിയതിലൂടെ അവർ വെട്ടിമാറ്റിയത്. അധികാരത്തിന്റെ ഉള്ളിലേ കുടിപ്പകയിൽ പിണറായി വിജയൻ ബലിയാടാവുകയായിരുന്നു.ഈ വിഷയത്തിൽ ആകെ നാണക്കേടും ആവശ്യമില്ലാത്ത തോൽ വിയും പിണറായിക്ക് ബാക്കി.

മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിക്കുന്നില്ല?..

ഇതോടെ പക ഒടുങ്ങുമെന്നു കരുതിയവർക്ക് തെറ്റി. സെൻകുമാറിനെ തിരികെ കയറ്റാതിരിക്കാൻ എന്തും ചെയ്യാൻ തയാറായിട്ടാണത്രേ ഇപ്പോൾ ചീഫ് സെക്രട്ട‍റിയുടെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടു പോലും വഴങ്ങില്ലെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. സെൻകുമാർ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ പിണറായി വിജയൻ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയുമായി ആശയ വിനിമയം നടത്തിയിരുന്നു.

വിധി നടപ്പാക്കുന്നതാണ് ഉചിതമെന്നാണ് ഹരീഷ് സാൽവെ അറിയിച്ചത്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചെങ്കിലും വഴങ്ങാൻ ഇവർ തയാറായിട്ടില്ല. ഇതിനിടെ ഇന്ന് സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് പിണറായി നിർദേശം നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കുമോ  എന്നു കാത്തിരിക്കുകയാണ് സർക്കാരും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലെത്തി രണ്ടാംദിവസമാണ് സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി. സ്ഥാനത്തുനിന്നും നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയും ഇപ്പോള്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മാറ്റം നടത്തിയത് എന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. ഇതിന ്ആക്കം കൂട്ടുന്നതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ.

ഐ.എ.എസ്. – ഐ.പി.എസ്. മൂപ്പിളമ തര്‍ക്കത്തിന് കേരളത്തില്‍ സാധ്യകളേറെയുണ്ടായിരുന്ന കാലത്തു തുടങ്ങിയതാണ് നളിനി നെറ്റോ ഐ.എ.എസും ടി.പി. സെന്‍കുമാര്‍ ഐ.പി.എസും തമ്മിലുള്ള തര്‍ക്കം. നളിനി നെറ്റോയ്ക്കായിരുന്നു ആദ്യ അടി ടി.പി. സെന്‍കുമാര്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ടി.പി. സെന്‍കുമാറാണ് നളിനി നെറ്റോയുടെ സ്ഥാനക്കയറ്റത്തിന് കൂച്ചുവിലങ്ങിട്ടത്. ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതകളും സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നത് നളിനിനെറ്റോയ്ക്കായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തര്‍ക്കത്തിന്റെ ഭാഗമായി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് നളിനിനെറ്റോയുടെ ചീഫ് സെക്രട്ടറി പദവി മാറ്റിവെപ്പിച്ചു. പകരം എസ്.എം. വിജയാനന്ദിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. ഇതോടെ നളിനി നെറ്റോയും ടി.പി. സെന്‍കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മാത്രമല്ല ടി.പി. സെന്‍കുമാര്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണെന്ന മട്ടില്‍ പ്രചാരണവുമുണ്ടായി.

കഥമാറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോഴേക്കും സെന്‍കുമാറിനെ പാഠം പഠിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നളിനി നെറ്റോയും ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അധികാരത്തിലെത്തി രണ്ടാംദിവസം പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റുമ്പോള്‍ ജിഷ കൊലക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസും കൈകാര്യം ചെയ്തതിലെ അപാകതയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച കാരണങ്ങള്‍. മുഖ്യമന്ത്രിയുടെ ഉപദേശക കൂടിയായ നളിനി നെറ്റോയുടെ ഉപദേശം ഒടുക്കം പിണറായിക്ക് തന്നെ തലവേദനയുമായിരിക്കുകയാണ്.

 

Top