35 വര്‍ഷം ജോലി ചെയ്തു; കെട്ടിപ്പിടിച്ച് ചുംബനം നല്‍കി രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബം

റിയാദ്: സ്‌നേഹിച്ചാല്‍ എന്നും കൂടെ ഉണ്ടാകുന്നവരാണ് അറബികള്‍. വാരിക്കോരി തരാന്‍ ഒരു മടിയും ഇല്ലാത്തവര്‍. ഇന്ന് ആ വാക്കുകള്‍ ഇവിടെ സത്യമാവുകയാണ്. ഇന്ത്യക്കാരനായ മിഡോ ഷെരീന്‍ ആണ് സൗദി കുടുംബത്തിന്റെ പൊന്നോമനയായി മാറിയത്. 35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലിക്കാരനായിരുന്നു ഷെരീന്‍. ഒടുവില്‍ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴായിരുന്നു കടുംബത്തിന്റെ ഉള്ളിലെ തന്നോടുള്ള സ്‌നേഹം ഷെരീന്‍ മനസിലാക്കിയത്. താന്‍ ഇത്രയും പ്രിയപ്പെട്ടവരായിരുന്നോ അവര്‍ക്ക് എന്നു പോലും ഷെരീന്‍ മനസിലാക്കിയതും ആ നിമിഷത്തില്‍ ആയിരുന്നു.

രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നല്‍കിയത്. അംഗങ്ങള്‍ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു. കണ്ണീര്‍ ഒഴുകുന്ന നിമിഷങ്ങളായിരുന്നു അത്. സ്‌നേഹത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് എയര്‍പോര്‍ട്ടും ഉദ്യോഗസ്ഥരും യാത്രികരും സാക്ഷിയായി. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസില്‍ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ഈ ഇന്ത്യക്കാരന്റെ ജോലി.

വടക്കന്‍ സൗദിയിലെ അല്‍ ജോഫിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതായിരുന്നു റസ്റ്റ് ഹൗസ്. യാത്രയാക്കുമ്പോള്‍ കൈനിറയെ പണവും സമ്മാനങ്ങളും നല്‍കാന്‍ കുടുംബം മറന്നില്ല. വെറും കൈയ്യോടെ മടങ്ങാന്‍ കുടുംബം അനുവദിച്ചില്ല എന്നു വേണം പറയാന്‍. പക്ഷേ, അതിലും വലിയ കാര്യം തങ്ങളെ 35 വര്‍ഷം സേവിച്ച വ്യക്തിക്ക് ഇന്ത്യയില്‍ എത്തിയ ശേഷം സുഖമായി ജീവിക്കാന്‍ മാസം പെന്‍ഷന്‍ പോലെ ഒരു തുക നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ഷെരീന്‍ പ്രതിനിധീകരിക്കുന്നത് സത്യസന്ധതയാണ്. തങ്ങളുടെ കുടുംബത്തോട് അദ്ദേഹം ചെയ്ത ആത്മാര്‍ഥതയും മഹാമനസ്‌കതയും വളരെ വലുതാണെന്ന് സൗദി കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി പറഞ്ഞു.

കുട്ടികളോടും മുതിര്‍ന്നവരോടും എല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. ഞങ്ങളില്‍ ഒരാളെ പോലെയാണ് അദ്ദേഹത്തെ കരുതിയതെന്നും ഉടമസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ എന്താണോ ചെയ്തത് അത് സൗദിയുടെ മൂല്യമാണ്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അല്‍ ഷെമീരി വ്യക്തമാക്കി. 1980 കാലഘട്ടത്തിലാണ് മിഡോ ഷെരീന്‍ സൗദിയയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇനി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമായി തുടങ്ങി. ഈ സാഹചര്യത്തിലായിരുന്നു ഷെരിന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയത്.

Top