മിയാമി: വിജയങ്ങള് അഘോഷിക്കാനുള്ളതാണ്. അത് എഴുന്നൂറാമത്തേത് ആണെങ്കിലോ? ടെന്നിസ് കോർട്ടിലെ വിജയങ്ങളിൽ എഴുന്നൂറ് തികച്ചു ഈ മുപ്പത്തിമൂന്നുകാരി കറുത്തമുത്ത്. മിയാമി ഓപ്പണിന്റെ സെമിയിലെത്താനായി സബിൻ ലിസിക്കിയെയാണ് സെറീനയുടെ റാക്കറ്റ് കീഴ്പ്പെടുത്തിയത്. എഴുന്നൂറ് വിജയങ്ങൾ പിന്നിട്ടതിനെ കുറിച്ചെനിക്കറിയില്ല. ഇപ്പോൾ ഏറ്റവും മികച്ച രീതിയിൽ വിജയങ്ങൾ മാത്രമായി മുന്നേറുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എഴുന്നൂറ് വിജയങ്ങളിൽ സെറീനയുടെ വാക്കുകളിതായിരുന്നു.
എഴുന്നൂറാം വിജയം മിയാമി ഓപ്പൺ കോർട്ടിൽ കേക്കു മുറിച്ചാണ് സെറീന ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് താരം ആൻഡി മുറേ തന്റെ അഞ്ഞൂറാം വിജയം മിയാമി ഓപ്പണിൽ ആഘോഷിച്ചിരുന്നു. ലോക റാങ്കിങിലൊന്നാമതുള്ള സെറീന എഴുന്നൂറ് വിജയങ്ങൾ നേടുന്ന ഏഴാമത്തെ ടെന്നിസ് താരമാണ്. സെറീന വില്യംസ് എന്ന പേഋ വിജയങ്ങളുടെ മാത്രമായിരുന്നു. ജനിച്ചതേ ടെന്നിസ് കളിക്കാനായി എന്ന ലോകത്തെ കൊണ്ട് പറയിപ്പിച്ച ഇതിഹാസ താരം. വിജയത്തുടർച്ചകൾകൊണ്ട് അമ്പരപ്പിച്ച സെറീനയുടെ ഓരോ വിജയങ്ങളും ആധികാരികമായിരുന്നു.
മുപ്പത്തിമൂന്നാം വയസിലും അതിനു മാറ്റമില്ല. ഏറ്റവുമൊടുവിലായി കളിച്ച പത്തൊമ്പത് മത്സരങ്ങളിലും വിജയം നേടിയെടുത്തു സെറീന. പത്തൊമ്പത് ഗ്രാൻഡ്സ്ളാമുകളാണ് സെറീനയുടെ അക്കൗണ്ടിലുള്ളത്. എഴുന്നൂറാം വിജയം സെറീന നേടിയെടുത്തത് അത്ര സുഖകരമല്ലാത്ത രീതിയിലായിരുന്നു. തന്റെ ശക്തമായ സെർവ്വുകൾ പുറത്തെടുക്കാനായില്ലെന്ന് സെറീന തന്നെ സമ്മതിക്കുന്നു. തന്റെ നല്ല ദിവസമായിരുന്നില്ല ഇത് എന്നാണ് സെറീന പ്രതികരിച്ചതും. കടുത്ത വെയിലായിരുന്നു സെറീനയുടെ കളിയെ പുറകോട്ടടിച്ച ഒരു ഘടകം. രണ്ടാം സെറ്റിൽ എതിരാളിയോട് 1-6ന് തോൽക്കുകയും ചെയ്തു സെറീന.
മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ സെറീന ലിസ്ബിക്കിക്കെതിരെ തന്റെ തുടർച്ചയായ പതിനാറാം വിജയവും നേടി. സ്കോർ 7-6(4),1-6,6-3. മിയാമി ഓപ്പണിലെ ഈ വിജയം കരിയറിലെ ഒരു വലിയ നാഴികക്കല്ലായിരുന്നുവെങ്കിൽ ഇവിടെ ജയിച്ചാൽ സെറീനക്ക് മറ്റൊരു റെക്കോഡാണ് നൽകുക. മിയാമിയിൽ എട്ടാം കിരീടമെന്ന റെക്കോഡ്. സെറീനയുടെ കരിയറിൽ 120 തോൽവികൾ മാത്രമേ ഉണ്ടായിട്ടുമുള്ളൂ.