പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് പരാതി;ആലപ്പുഴയിൽ ഏഴം​ഗ സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ യുവാവിനെ ഏഴം​ഗ സംഘം മർദിച്ച് കൊലപ്പെടുത്തി. ആലപ്പുഴ പൂച്ചാക്കലിൽ ആണ് സംഭവം. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ ആണ് മരിച്ചത്. 37 വയസ്സായിരുന്നു. സംഭവത്തിലെ മുഖ്യ പ്രതികളിൽ ഒരാളായ സുജിത് അറസ്റ്റിലായിരിക്കുകയാണ്. മരണപ്പെട്ട വിപിൻ ലാലും സുജിത്തും സംഘവും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.പ്രദേശത്തെ തന്നെ ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ പലപ്പോഴും തർക്കങ്ങൾ പതിവായിരുന്നു.

ഇതാണ് ഇത്തരത്തിൽ ഒരു കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.കൊല്ലപ്പെട്ട വിപിൻ ലാൽ മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ്. യുവാവിന്റെ പെട്ടെന്നുള്ള മരണത്തിൽ വലിയ ഭീതിയിലാണ് നാട്ടുകാർ. അതേസമയം ആക്രമണത്തിനും കൊലയ്ക്കും പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെങ്കിലും ഉള്ളത് വ്യക്തി വൈരാഗ്യം മാത്രമായിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.

Loading...