രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം, രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നേരത്തേയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Loading...

വ്യാഴാഴ്ച യാണ് കുട്ടിയെ രണ്ടാനച്ഛന്‍ ഗുരുതരമായി ആക്രമിച്ചത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്.

തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴുവയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.