മയക്കുമരുന്ന് കലക്കിയ പാനീയം നൽകി ലൈംഗീകമായി പീഡിപ്പിച്ചു

 

ഗുവാഹത്തി: വിദ്യാർത്ഥിനികൾക്ക് പാനീയത്തിൽ മയക്കുമരുന്ന് കലക്കി നൽകി ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ഐഐടി വിദ്യാർത്ഥികൾ പിടിയിൽ. ഐഐടിയിലെ രണ്ട് ബി.ടെക്ക് വിദ്യാർത്ഥികൾക്കെതിരെ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് ഗുവാഹത്തി പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.ഐഐടി യിൽ ഫെബ്രുവരി മൂന്നിന് നടന്ന സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് ഇവരുടെ പരിചയക്കാർക്കൂടിയായ വിദ്യാർത്ഥികൾ പീഡിപ്പിച്ചത്. ഗുവാഹത്തിയിലെ മറ്റൊരു സ്ഥാപനത്തിലെ വിദ്യാർത്ഥിനികളാണ് പീഡനത്തിനിരയായത്.പരിപാടിക്കുശേഷം ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇവർ താമസസൗകര്യം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് കലക്കി നൽകിയ പാനീയം കുടിക്കാൻ കൊടുത്തു. അബോധാവസ്ഥയിലായ പെൺകുട്ടികളെ പീഡിപ്പിച്ചതിനുശേഷം ഇവരെ കാമ്പസിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പുലർച്ചെ സെക്യൂരിറ്റി ജീവക്കാരാണ് ഇവരെ കണ്ടെത്തിയത്. ഉടൻ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐഐടി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്