ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽപൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ്ഐ. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യനും പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്ഥലത്ത് നിന്നും നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യൻ പറഞ്ഞു.

Loading...

സംഘർഷം നടന്ന കോളേജും ജില്ലാ പഞ്ചായത്ത് ഓഫീസും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ഒരു മീറ്റിംഗ് ആവശ്യത്തിനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിപ്പോകുന്നത് സത്യന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് എന്താണ് സംഭവമെന്ന് മനസിലായിരുന്നില്ലെന്ന് സത്യൻ പറഞ്ഞു. കോളേജിന് അടുത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വാഹനം തിരിക്കുമ്പോഴാണ് കുട്ടികൾ ഓടിയെത്തി മൂന്ന് പേർക്ക് കുത്തേറ്റെന്നും ആശുപത്രിയിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. ഉടൻ തന്നെ വാഹനത്തിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. വാഹനത്തിൽ കയറ്റുമ്പോൾ കൊല്ലപ്പെട്ട ധീരജിന് ജീവന്റെ തുടിപ്പുണ്ടായിരുന്നില്ലെന്നും എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി വിദ്യാർത്ഥിയല്ല. പുറത്തുനിന്നുള്ള സംഘമെത്തിയാണ് കുത്തിയതെന്നും സത്യൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷമൊന്നും ഇതുവരെയും ഉണ്ടായിരുന്നില്ലെന്നും സത്യൻ വിശദീകരിച്ചു.