തിരുവനന്തപുരം. കോളേജിനുള്ളില്‍ മദ്യപിച്ചു നൃത്തംചെയ്ത സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥിനെയും ജില്ലാ പ്രസിഡന്റ് ജോബിന് ജോസിനെയും പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ നടപടി.
സംസ്കൃത കോളേജ് വളപ്പില്‍ രാത്രി ഇരുനേതാക്കളും കൂടെയുണ്ടായിരുന്നവരും മദ്യപിച്ച് നൃത്തംചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏതാനും ആഴ്ചകള്ക്കുമുന്പാണ് സംഭവം. വൈസ് പ്രസിഡന്റ് അനന്തുവിനും ജോയിന്റ് സെക്രട്ടറി ശില്പയ്ക്കും പകരം ചുമതല നല്‍കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എസ്എഫ്ഐ നേതാക്കളുടെ യോഗം വിളിച്ച് ജില്ലാനേതൃത്വത്തിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ജില്ലാ നേതൃത്വത്തിലെ ചില പ്രമുഖ നേതാക്കളുടെ ഇടപെടലില്‍ നടപടി വൈകുന്നെന്ന് ആരോപണം വന്നു. സിപിഎമ്മിലെയും എസ്എഫ്ഐയിലെയും വിഭാഗീയതയാണ് വീഡിയോ പുറത്തുവരാന്‍ കാരണമായത്. ഗോകുലിനെ ഡിവൈഎഫ്ഐ പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചു.
ജോബിന് ജോസിന് വ്യാഴാഴ്ച ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കടുത്ത നടപടി വേണമെന്ന ആവശ്യത്തിലായിരുന്നു അംഗങ്ങള്‍. എന്നാല്‍ കാരണം കാണിക്കലില്‍ ഒതുക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.