അച്ഛാ, നാളെ ലീവല്ലേ? അല്ല മോളൂ,രാവിലെ പോണം…അച്ഛന്‍ കള്ളം പറയുന്നതല്ലേ,നാളെ ‘കലണ്ടറില്‍ ചുവപ്പാണല്ലോ? ;പോലീസുകാരന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

തിരുവനന്തപുരം: ഒരു ഹര്‍ത്താലോ കലണ്ടറിലെ ചുവന്ന അക്കങ്ങളോ കണ്ടാല്‍ നമുക്ക് ജോലിക്ക് പോകാതെ പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കാം. എന്നാല്‍ ഇത്തരത്തില്‍ പ്രിയപ്പെട്ടവരുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാത്തവരാണ് പോലീസുകാര്‍. കലണ്ടറിലെ ചുവപ്പ് പോലീസുകാര്‍ക്ക് ബാധകമല്ല.

അന്നും അവര്‍ക്ക് ഡ്യൂട്ടിക്ക് പോകണം. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ഷബീര്‍ എന്ന പോലീസുകാരനാണ് സഹപ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ജോലി കഴിഞ്ഞെത്തിയ അച്ഛനോട് നാളെ കലണ്ടറില്‍ ചുവപ്പ് വരയാണല്ലോ അതുകൊണ്ട് ജോലിക്ക് പോകേണ്ടല്ലോ ബീച്ചിലോ പാര്‍ക്കിലോ പോകാം എന്ന് പറയുന്ന മകള്‍. അവള്‍ ഉണരുന്നതിന് മുമ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാരന്‍. അയാള്‍ ചിന്തിക്കുകയാണ് അഞ്ചുവയസുകാരിയായ മകള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത രീതിയില്‍ ചുവന്ന അക്കങ്ങളില്ലാത്ത ഒരു കലണ്ടര്‍ പ്രിന്റ് ചെയ്താലോയെന്ന്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..”

‘ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..
അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??
അല്ല മോളൂ.. രാവിലെ പോണം..
അച്ഛന്‍ കള്ളം പറയുന്നതല്ലേ..
നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..
നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..
ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..
മോള് കിടന്നുറങ്ങിക്കോ..
അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..
ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..
വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..
കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..
ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍
കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം….
എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..
മോളുണരും മുന്‍പ് ഉണര്‍ന്ന്
റെഡിയായി ജോലി സ്ഥലത്തേക്ക്…
ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു…..
ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ…
അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍…
”ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍”

Top