കാണാതായെന്ന വാർത്തകൾ നിഷേധിച്ച് ഷബീർ; യെമനിൽ എത്തിയത് അറബിയും സൂഫിസവും പഠിക്കാൻ, വീഡിയോ

    കാസർകോട്: തന്നെയും കുടുംബത്തെയും കാണാതായെന്ന വാർത്തകൾ നിഷേധിച്ച് ഷബീറിന്റെ വീഡിയോ സന്ദേശം. യെമനിലെത്തിയത് അറബിയും സൂഫിസവും പഠിക്കാനെന്ന് കാസർകോട് സ്വദേശി ഷബീർ പ്രതികരിച്ചു. ഷബീറും കുടുംബവും യെമനിൽ എത്തിയെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് യുവാവ് വീഡിയോ സന്ദേശം പങ്കുവെച്ചത്.

    നിലവിൽ യെമനിലെ തരീമിലെ ദാറുൽ മുസ്തഫ കാമ്പസിലാണ്. പണ്ഡിതൻ ഹബീബ് ഉമറിന് കീഴിൽ സൂഫിസവും അറബിയും പഠിക്കാനാണ് ഇവിടെയെത്തിയത്. നാല് മാസം മുൻപാണ് കുടുംബവുമായി ബന്ധപ്പെട്ടത് എന്ന വാർത്ത തെറ്റാണ്. കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് യമനിലേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീർ വ്യക്തമാക്കി.

    Loading...

    ദുബായിൽ നിന്നും ഷബീറിനെയും കുടുംബത്തെയും കാണാതായെന്ന് കാട്ടി വീട്ടുകാർ ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഭവം വാർത്തയായത്. എന്നാൽ തന്നെയും കുടുംബത്തെയും കാണാതായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷബീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവർ യെമനിൽ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇവർ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്നതായും സൂചനകൾ പുറത്തുവന്നിരുന്നു.