കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയ്യാറാകണം: അങ്ങനെ എങ്കിൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരും ഉണ്ടാകും- ഷാഫി പറമ്പിൽ

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയ്യാറാകണം . അങ്ങനെ എങ്കിൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരും ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ പാലക്കാട്ട് ആരോപിച്ചു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാൻ തയ്യാറാവാത്തത് മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണെന്നാണ് ഷാഫി പറമ്പിലിന്റെ ആരോപണം. കൊവിഡിന്‍റെ പേര് പറഞ്ഞ് സെക്രട്ടേറിയറ്റ് തിരക്കിട്ട് അടച്ച് പൂട്ടയത് രേഖകൾ നശിപ്പിക്കാനാണെന്നാണ് ആരോപണം.

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ആണ്. സ്വര്‍ണ്ണകള്ളക്കടത്ത് കേസും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കും എല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേന്ദ്ര ഏജൻസി കേസ് അന്വേഷണം ഏറ്റെടുക്കും വരെ യൂത്ത് കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ മുന്നറിയിപ്പ് നൽകി.

Loading...

അതേസമയം എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും. അതേസമയം, ഐ ടി വകുപ്പിൽ ജോയിൻ ചെയ്ത ശേഷവും സ്വപ്ന കോൺസുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായും കോൺസുലേറ്റിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതായുമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു.