ഷാഫിയുടെ വലയില്‍ കുട്ടികളും; ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു

കൊച്ചി. നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം. ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും 2006ലാണ് ആദ്യമായി പിടിയിലാകുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ സിഎച്ച് നാഗരീജു പറഞ്ഞിരുന്നു. ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരില്‍ എത്തിച്ചത്.

ഇരയാകുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോ നിലയുള്ള വ്യക്തിയാണ് ഷാഫി. ഇതിന് വേണ്ടി എത് കഥയും ഇയാള്‍ ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു. അതേസമയം രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ ലൈലയും മുഹമ്മദ് ഷാഫിയും ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചതായി സൂചന. ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം ലൈലയും ഷാഫിയും ഒരുമിച്ച് താമസിക്കുവനായിരുന്നു പദ്ധതി. പ്രതികള്‍ നരബലിക്ക് ശേഷം നരഭോജനവും നടത്തിയതായി പോലീസ് പറയുന്നു. രണ്ടര മാസം മുമ്പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കഴിച്ചതായി പോലീസ് പറയുന്നു.

Loading...

ഇരട്ട നരബലി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികള്‍ സമാനരീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികളും ഇന്ന് തുടങ്ങിയേക്കും.